തിരൂർ : ബസ് സ്റ്റാൻഡ് പരിസരത്ത് കളഞ്ഞുകിട്ടിയ 5,122 രൂപയും മൊബൈൽ ഫോണും പോലീസിൽ ഏൽപ്പിച്ച് ഓട്ടോ ഡ്രൈവർ മാതൃകയായി. താനാളൂർ പകര സ്വദേശിയും തിരൂർ ബസ് സ്റ്റാൻഡ് പരിസരത്തെ ഓട്ടോ ഡ്രൈവറുമായ അബ്ദുൽ റസാഖാണ് പണവും ഫോണും പോലീസിന് കൈമാറിയത്.
കഴിഞ്ഞമാസം 20ന് രാത്രി രണ്ടോടെ ബസ് സ്റ്റാൻഡിന്റെ തെക്കുഭാഗത്തുനിന്നാണ് ഇവ ലഭിച്ചത്. തുടർന്ന് തിരൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഉടമയെ കണ്ടെത്തി. സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സബ് ഇൻസ്പെക്ടർ നസീർ തിരൂർകാടിന്റെ സാന്നിധ്യത്തിൽ പുറത്തൂർ ആശുപത്രിപ്പടി സ്വദേശി സജീവന് പണവും മൊബൈൽ ഫോണും കൈമാറി.
അബ്ദുൽ റസാഖിന്റെ സത്യസന്ധമായ പ്രവർത്തനത്തെ തിരൂർ പൊലീസ് അഭിനന്ദിച്ചു.


