കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ വളാഞ്ചേരിയിൽ ഇറങ്ങി ബാറിൽ കയറി മദ്യപിച്ച യാത്രക്കാരന്റെ സ്വർണ്ണമാല ബലംപ്രയോഗിച്ച് കവർന്ന സംഭവത്തിൽ രണ്ടുപേരെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി ആലിപ്പറമ്പിൽ സുമേഷ് (40), മാടത്തിയർകുന്ന് വീട്ടിൽ ജഗൻ (53) എന്നിവരാണ് പിടിയിലായത്.
ആഗസ്റ്റ് 24-ന് ചേർത്തലയിൽ നിന്ന് കോഴിക്കോട്ടേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന പരാതിക്കാരൻ വളാഞ്ചേരിയിൽ ബസ് നിർത്തിയപ്പോൾ ഭക്ഷണം കഴിക്കാനായി ബാറിൽ പ്രവേശിക്കുകയായിരുന്നു. ബാറിൽ വെച്ച് പരിചയപ്പെട്ട പ്രതികൾ ഇയാളോടൊപ്പം മദ്യപിക്കുകയും, തുടർന്ന് കഴുത്തിലുണ്ടായിരുന്ന രണ്ടേകാൽ പവന്റെ സ്വർണ്ണമാലയും ലോക്കറ്റും ബലംപ്രയോഗിച്ച് കവരുകയുമായിരുന്നു.
മദ്യലഹരിയിലായ പരാതിക്കാരനെ പ്രതികൾ വാഹനത്തിൽ കയറ്റി നായരങ്ങാടി ഭാഗത്ത് ഉപേക്ഷിച്ചു. ബോധം വീണ്ടെടുത്ത ശേഷം നാട്ടിലെത്തിയ ഇയാൾ നൽകിയ പരാതിയിൽ പോലീസ് നടത്തിയ സിസിടിവി പരിശോധനയിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കവർന്ന മാല പണയം വെക്കുകയും ലോക്കറ്റ് വിൽക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തി.
വളാഞ്ചേരി എസ്.എച്ച്.ഒ ഫിറോസ് എ.കെ.യുടെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ തോമസ് ജോസഫ്, വിപിൻ സേതു, അർജുൻ, ധനജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികൾക്കെതിരെ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.


