സി.വി. ശ്രീരാമൻ സാംസ്കാരിക നിലയം; കെട്ടിട നിർമാണത്തിന് സെറ്റ് ഔട്ടിംഗ് ആരംഭിച്ചു

പ്രമുഖ സാഹിത്യകാരൻ സി.വി. ശ്രീരാമന്റെ സ്മരണയ്ക്കായി കുന്നംകുളത്ത് ഉയരുന്ന സാംസ്കാരിക നിലയത്തിൻ്റെ കെട്ടിട നിർമ്മാണത്തിന് തുടക്കം കുറിച്ച് സെറ്റ് ഔട്ടിംഗ് പ്രവൃത്തികൾ ആരംഭിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി പ്രദേശം സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി എ.സി. മൊയ്തീൻ എം.എൽ.എ സ്ഥലത്തെത്തി.സാംസ്കാരിക നിലയത്തിലേക്കും ഇതിന്റെ പുറകുവശത്തുള്ള സ്വകാര്യ വീടുകളിലേക്കും പ്ലോട്ടുകളിലേക്കുമുള്ള വഴിസൗകര്യത്തിനായി കുന്നംകുളം നഗരസഭനിർമ്മിച്ച പുതിയ റോഡിൻ്റെ നിർമ്മാണം ഇതിനകം പൂർത്തിയായിട്ടുണ്ട്. കൂടാതെ നിർദ്ദിഷ്ട പ്ലോട്ടിൽ നിന്നിരുന്ന കെ.എസ്.ഇ.ബി പോസ്റ്റുകൾ വിജയകരമായി മാറ്റിസ്ഥാപിക്കുകയും ചെയ്‌തതോടെയാണ് കെട്ടിടത്തിന്റെ പ്രധാന നിർമ്മാണ പ്രവൃത്തികളിലേക്ക് കടക്കുന്നത്. സന്ദർശന വേളയിൽ നഗരസഭാ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (എ.ഇ.ഇ) ഇ.സി. ബിനയ് ബോസ്, അസിസ്റ്റന്റ് എഞ്ചിനീയർ (എ.ഇ) മനാജ് മുഹമ്മദ്, ഓവർസീയർ മനോജ്, കരാർ കമ്പനി പ്രതിനിധികൾ തുടങ്ങിയവരും എം.എൽ.എയോടൊപ്പം സ്ഥലത്തുണ്ടായിരുന്നു.എ.സി. മൊയ്തീൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 80 ലക്ഷം രൂപ ചെലവഴിച്ച് മധുരക്കുളം പരിസരത്താണ് സാംസ്കാരിക നിലയം യാഥാർത്ഥ്യമാകുന്നത്. ഓഫീസ്, മീറ്റിംഗ് ഹാൾ, വായനാമുറികൾ ഉൾപ്പെടെ 5,000 ചതുരശ്ര അടി വിസ്‌തീർണ്ണത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് കെട്ടിടം പണിയുന്നത്. പ്രാഥമിക ജോലികൾ പൂർത്തിയായി സെറ്റ് ഔട്ടിംഗ് ആരംഭിച്ചതോടെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.
 

Post a Comment

Previous Post Next Post