തിരൂർ:തലശ്ശേരിയിലേക്ക് പോകാൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തീവണ്ടി കാത്തുനിൽക്കുന്നതിനിടെ അറിയാതെ മറ്റൊരു വണ്ടിയിൽ കയറിയ നാല് വയസ്സുകാരന് ടി.ടി.ഇ. രക്ഷകനായി. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.40ഓടെയായിരുന്നു സംഭവം. പാനൂർ സ്വദേശികളായ സിറാജുദ്ദീന്റെയും ഷമീനയുടെയും മകനാണ് അബദ്ധത്തിൽ വണ്ടി മാറിക്കയറിയത്.
കോഴിക്കോട് പ്ലാറ്റ്‌ഫോമിൽ നിന്ന് കഴിച്ച ഐസ്ക്രീമിന്റെ കവർ കളയാൻ പിതാവ് പോയ സമയത്താണ് കുട്ടി പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടിരുന്ന ജനശതാബ്ദി എക്സ്പ്രസിൽ കയറിയത്. പിന്നാലെ ട്രെയിൻ പ്ലാറ്റ്‌ഫോം വിട്ടു. കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ പ്ലാറ്റ്‌ഫോമിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ജനശതാബ്ദി എക്സ്പ്രസിലെ ഡി-8 കോച്ചിന്റെ വാതിലിനടുത്ത് കുട്ടി തനിച്ചുനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട ടി.ടി.ഇ. എൻ.എം. പ്രതീഷ് ഉടൻ റെയിൽവേ കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. അതേസമയം, കുട്ടിയെ കാണാതായ വിവരം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് കൺട്രോൾ റൂം വഴി ടി.ടി.ഇ. പ്രതീഷ് കുമാറിനെയും അറിയിച്ചു.
കുട്ടിയെ കണ്ടെത്തിയ വിവരം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അനൗൺസ് ചെയ്തു. ട്രെയിൻ തിരൂരിലെത്തിയപ്പോൾ കുട്ടിയെ ടി.ടി.ഇ. തിരൂർ ആർ.പി.എഫിന് കൈമാറി. പിന്നാലെ മറ്റൊരു തീവണ്ടിയിൽ തിരൂരിലെത്തിയ മാതാപിതാക്കൾ കുട്ടിയെ ഏറ്റുവാങ്ങി.


