ജനങ്ങളും പൊലീസും തമ്മിലുള്ള അകലം കുറച്ച് ജനകീയ പൊലീസ് സംവിധാനത്തിന് കൂടുതൽ ഊർജം പകരുന്നതിന്റെ ഭാഗമായി തിരൂർ പൊലീസ് സ്റ്റേഷനിൽ ജനമൈത്രി പൊലീസ് യോഗം ചേർന്നു. സംസ്ഥാനത്ത് ജനമൈത്രി പൊലീസിങ് സജീവമാക്കാനുള്ള സർക്കാർ നിർദേശത്തിന്റെ ഭാഗമായാണ് യോഗം.
തിരൂർ പൊലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നഗരസഭാധ്യക്ഷൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. നഗരസഭ ഉപാധ്യക്ഷ സിന്ധു മംഗലശ്ശേരി, കൗൺസിലർമാരായ യാസിർ പൊട്ടച്ചോല, ഗീത പള്ളിയേരി, നിർമ്മല കുട്ടിക്കൃഷ്ണൻ, മുൻ കൗൺസിലർ സി.വി. വിമൽകുമാർ, പി.പി. ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. ജനമൈത്രി പൊലീസ് കോഓർഡിനേറ്റർ എസ്.ഐ. നസീർ തിരൂർക്കാട് സ്വാഗതവും എസ്.ഐ. കൃഷ്ണനുണ്ണി നന്ദിയും പറഞ്ഞു.
തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഏഴ് പഞ്ചായത്തുകളിലും നഗരസഭയിലും ജനപ്രതിനിധികളെയും സാമൂഹിക, സാംസ്കാരിക പ്രവർത്തകരെയും ഉൾപ്പെടുത്തി പ്രത്യേക യോഗങ്ങൾ ചേരാനും യോഗം തീരുമാനിച്ചു.


