തിരൂരിൽ ബിസിനസ് ആവശ്യത്തിനായി എത്തിയ ബെംഗളൂരു സ്വദേശിയുടെ നഷ്ടപ്പെട്ട ഫോൺ അന്വേഷണത്തിലൂടെ കണ്ടെത്തി ബെംഗളൂരുവിലേക്ക് കൊറിയർ മുഖേന അയച്ചുനൽകി. പടിഞ്ഞാറേക്കര ബീച്ചിലെത്തിയ ഹൈദരാബാദ് സ്വദേശികളായ ജൂലി സിങ്ങിന്റെയും ഭർത്താവിന്റെയും നഷ്ടപ്പെട്ട ഫോണും 15 ദിവസത്തിനുള്ളിൽ കണ്ടെത്തി ഹൈദരാബാദിലേക്ക് കൊറിയർ ചെയ്തു. ഫോൺ തിരിച്ചുകിട്ടിയ ഇരുവരും കേരള പോലീസിന് നന്ദി അറിയിച്ചു.
കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള ടെലികോം വകുപ്പിന്റെ കേന്ദ്രീകൃത സംവിധാനമായ സി.ഇ.ഐ.ആർ. (CEIR) പോർട്ടലിന്റെ സഹായത്തോടെയാണ് ഫോണുകൾ കണ്ടെത്തിയത്. തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നിർദേശപ്രകാരം സ്റ്റേഷൻ പി.ആർ.ഒ. സബ് ഇൻസ്പെക്ടർ മധു, നസീർ തിരൂർക്കാട്, സി.പി.ഒ. അനീഷ് എന്നിവർ ചേർന്നാണ് അന്വേഷണവും തുടർനടപടികളും നടത്തിയത്.
ഫോണുകൾ തിരികെ ലഭിച്ച ഉടമകളും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു. നഷ്ടപ്പെട്ട ഫോണുകൾ കണ്ടെത്തി ഉടമകളിലേക്ക് തിരിച്ചെത്തിക്കുന്നതിലൂടെ പൊതുജനങ്ങളുടെ സ്വത്ത് സംരക്ഷിക്കുന്നതിലും സാങ്കേതികവിദ്യയുടെ സഹായത്തോടെ സേവനം മെച്ചപ്പെടുത്തുന്നതിലും തിരൂർ പോലീസ് മാതൃകാപരമായ ഇടപെടലാണ് നടത്തിയത്.
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും സാങ്കേതികവിദ്യയുടെ സഹായത്തോടെ പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനും നിരീക്ഷണവും അന്വേഷണവും തുടരുമെന്ന് തിരൂർ പോലീസ് അറിയിച്ചു.


