സൗഹൃദത്തിന്റെ ഗോൾവിരുന്നൊരുക്കി എറണാകുളം പുൽച്ചാടി സ്പോർട്സ് ക്ലബ്ബ്

എറണാകുളം: കുന്നംകുളത്തിന്റെ മണ്ണിൽനിന്ന് കച്ചവടത്തിനായി എറണാകുളത്തെത്തി അധ്വാനത്തിലൂടെയും കൂട്ടായ്മയിലൂടെയും ജീവിതം കെട്ടിപ്പടുത്ത കച്ചവടക്കാർ തിരക്കേറിയ വ്യാപാരജീവിതത്തിനിടയിലും നാടിന്റെ സൗഹൃദവും ഫുട്ബോളിനോടുള്ള ആവേശവും കൈവിടാതെ അവർ ഒത്തുചേർന്നപ്പോൾ പുൽച്ചാടി സ്പോർട്സ് ക്ലബ്ബിന്റെ ഏഴാമത് സെവൻസ് ഡേ-നൈറ്റ് ഫുട്ബോൾ ടൂർണമെന്റ് ആവേശത്തിന്റെ ഉത്സവമായി.

കളിക്കളത്തിലെ പോരാട്ടങ്ങൾക്കും സൗഹൃദത്തിന്റെ ഒത്തുചേരലിനും വേദിയായ ടൂർണമെന്റ് സമാപിച്ചു.

മേക്കാട്ടുകുളങ്ങര ജെയിംസ് ആൻഡ് ജെസി മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും കോലാടി ഏജൻസീസ് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയായിരുന്നു മത്സരം.

വ്യാപാരത്തിരക്കുകൾക്കിടയിലും കായികരംഗത്തെ കൂട്ടായ്മ നിലനിർത്താനുള്ള ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ടൂർണമെന്റ് പുതിയ ഊർജമായി.

ക്ലബ്ബ് പ്രസിഡന്റ് സി.കെ. ഗിലേഷ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.

കളിക്കളത്തിലെ മികവിനൊപ്പം പഠനമികവിനും ആദരം നൽകിക്കൊണ്ട് 2026-ലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ സോളമൻ എ.ഐ. അനുമോദിച്ചു. 

2027 ജനുവരി 27-ന് നറുക്കെടുക്കുന്ന സമ്മാനക്കൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടനം ജയേഷ് എം.ജെ.യ്ക്ക് നൽകി ബേബി നിർവഹിച്ചു.

മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ മിൽട്ടൺ ഗ്രൂപ്പ് ഉടമ സണ്ണി സി.കെ. വിതരണം ചെയ്തു. എസ്.സി.ഐ.സി. അണ്ടർ-19 കേരള ഫുട്ബോൾ ടീമിനുവേണ്ടി കളിച്ച ആഡിൻ ജയേഷിനെ ടൂർണമെന്റ് കമ്മിറ്റി ആദരിച്ചു.

പ്രധാന ടീം വിഭാഗത്തിൽ ഫൈൻ ഡോൾ വിന്നേഴ്സ് ട്രോഫിയും യൂണിയൻ സൂപ്പർ സ്റ്റോർ റണ്ണേഴ്സ് ട്രോഫിയും നേടി. 

അണ്ടർ-16 വിഭാഗത്തിൽ പൂവത്തിങ്കൽ എഫ്.സി. ജേതാക്കളായപ്പോൾ കൊച്ചിൻ ഗോൾഡ് എഫ്.സി. റണ്ണേഴ്സ് ട്രോഫി നേടി.

വെറ്ററൻസ് വിഭാഗത്തിൽ അപ്സര എഫ്.സി. ജേതാക്കളായിഫ്ലോറ എഫ്.സി. രണ്ടാം സ്ഥാനം നേടി.

ബേബി ലീഗിൽ ജിജു പി.കെ. ഗ്രീൻ ഗാർഡൻ വിന്നേഴ്സ് ട്രോഫിയും ലുക്ക് ലൈറ്റ് എഫ്.സി. റണ്ണേഴ്സ് ട്രോഫിയും കരസ്ഥമാക്കി.

നാടുവിട്ട് നഗരത്തിലെത്തിയെങ്കിലും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും വേരുകൾ കൈവിടാത്ത ഒരു കൂട്ടം മനുഷ്യരുടെ കായികസ്നേഹത്തിന്റെ അടയാളം കൂടിയായി പുൽച്ചാടി ടൂർണമെന്റ്. ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗം മുത്ത് ലീബ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post