കൊച്ചി: കച്ചവടത്തിന്റെ തിരക്കുകളിൽ ജീവിതം പടുത്തുയർത്തിയവർക്ക് ഫുട്ബോൾ ഒരു കളി മാത്രമല്ല. പഴയ നാടിന്റെ ഓർമകളും സൗഹൃദങ്ങളും പുതുതലമുറയുടെ ആവേശവും ചേർന്നൊരു കൂട്ടായ്മ കൂടിയാണ്.
എറണാകുളം ബസാറിലെ കച്ചവടക്കാരും തൊഴിലാളികളും അവരുടെ മക്കളും അണിനിരക്കുന്ന പുൽച്ചാടി സ്പോർട്സ് ക്ലബ്ബിൻ്റെ 7-ാമത് ഡൈ നെറ്റ് ഫുട്ബോൾ ടൂർണമെന്റിന് ഒക്ടോബർ 11ന് കലൂർ ഡി.എൻ.എ ഗ്രൗണ്ടിൽ തുടക്കമാകും.
കുന്നംകുളം മേഖലയിൽനിന്ന് എറണാകുളത്തെത്തി കച്ചവടത്തിലൂടെ ജീവിതം കെട്ടിപ്പടുത്തവരാണ് ടൂർണമെന്റിന്റെ പ്രധാന സംഘാടകരും പങ്കാളികളും.
കച്ചവടത്തിരക്കുകൾക്കിടയിൽ വളർന്ന സൗഹൃദങ്ങൾ വർഷങ്ങൾക്കിപ്പുറവും ഫുട്ബോൾ മൈതാനത്ത് ഒത്തുചേരുകയാണ്.
മുതിർന്നവർക്കൊപ്പം മക്കളും മൈതാനത്തിറങ്ങുമ്പോൾ തലമുറകളെ കൂട്ടിയിണക്കുന്ന ആഘോഷമായി ടൂർണമെന്റ് മാറും.
ഉച്ചയ്ക്ക് രണ്ടിന് പുൽച്ചാടി സ്പോർട്സ് ക്ലബ് പ്രസിഡന്റ് ഗിലേഷ് സി.കെ. ഉദ്ഘാടനം നിർവഹിക്കും. അണ്ടർ 16, വെറ്ററൻസ്, ബേബി ലീഗ്, മെയിൻ വിഭാഗം ഉൾപ്പെടെ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ.
കച്ചവടത്തിന്റെ തിരക്കിൽനിന്ന് മൈതാനത്തിന്റെ ആവേശത്തിലേക്ക് ഒരു ദിവസം മാറിനിൽക്കുമ്പോൾ, പന്തിനൊപ്പം സൗഹൃദവും പഴയ ഓർമകളും വീണ്ടും ഓടിയെത്തും.
മത്സരങ്ങൾ നേരിൽ കണ്ട് ആസ്വദിക്കാൻ ഫുട്ബോൾ പ്രേമികളെ സംഘാടകർ കലൂർ ഡി.എൻ.എ ഗ്രൗണ്ടിലേക്ക് ക്ഷണിക്കുന്നതായി
പ്രസിഡന്റ് സി.കെ. ഗിലേഷ്, സെക്രട്ടറി കെ.ജെ. ബിജു, ട്രഷറർ വി.ഐ. ജയിസൺ എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.


