കാറിന് നേരെ കരിങ്കല്ലെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ


 തിരൂർ: വാഹനങ്ങൾ തമ്മിൽ ഉരസിയതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ കാറിന് നേരെ കരിങ്കല്ലെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ തിരൂർ പോലീസ് പിടികൂടി. പൊന്നാനി ഈഴുവത്തിരുത്തി സ്വദേശി കറ്റിക്കാട്ടിൽ ഷമീർ (39) ആണ് പിടിയിലായത്.


ഒക്ടോബർ നാലിന് അരിക്കാഞ്ചിറ സ്വദേശിയായ യുവാവും കുടുംബവും കാറിൽ തലക്കടത്തൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെ പൂങ്ങോട്ടുകുളത്ത് വെച്ചാണ് സംഭവങ്ങളുടെ തുടക്കം. കാറിന് സമീപം മോട്ടോർസൈക്കിൾ നിർത്തിയ യാത്രക്കാരൻ കാർ ബൈക്കിൽ തട്ടിയെന്ന് ആരോപിച്ച് കാറിന്റെ ഗ്ലാസിൽ കുത്താൻ ശ്രമിച്ചതോടെ ഡ്രൈവർ കാർ മുന്നോട്ടെടുത്ത് പോകുകയായിരുന്നു.


തുടർന്ന് മോട്ടോർസൈക്കിൾ യാത്രക്കാരൻ കാറിനെ പിന്തുടർന്നു. തിരൂർ സിറ്റി ജംഗ്ഷനിലെത്തിയപ്പോൾ കൈയിൽ കരിങ്കല്ലുമായി കാത്തുനിന്ന ഇയാൾ വലിയ കല്ലെടുത്ത് കാറിന് നേരെ എറിയുകയായിരുന്നു. കല്ല് കാറിന്റെ ബോണറ്റിലും ഗ്ലാസിലും പതിച്ച് ഗ്ലാസ് തകരുകയും വാഹനം നിയന്ത്രണം വിടുകയും ചെയ്തു.


സംഭവത്തെ തുടർന്ന് പോലീസ് നടത്തിയ സി.സി.ടി.വി പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് പൊന്നാനിയിൽ നിന്ന് ഷമീറിനെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ പൊന്നാനിയിൽ നേരത്തെ വധശ്രമം ഉൾപ്പെടെയുള്ള കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.


തിരൂർ പോലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ മിഥുൻ, അനുഷ്മ, സി.പി.ഒമാരായ ഉണ്ണിക്കുട്ടൻ, ആഷിഷ് സ്റ്റീഫൻ, കൈലാസ് എന്നിവരടങ്ങിയ സംഘമാണ് Iഅന്വേഷണം നടത്തിയത്. 


പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി തുടർന്ന് കോടതി ജാമ്യം അനുവദിച്ചു.

Post a Comment

Previous Post Next Post