മക്കയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാരുൾപ്പെടെ അഞ്ചുപേർ മരിച്ചു; മരിച്ചവരിൽ രണ്ടു തമിഴ് നഴ്‌സുമാരും.


 മക്ക:  സൗദി അറേബ്യയിലെ മക്കയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാരുൾപ്പെടെ അഞ്ചുപേർ മരിച്ചു. നാല് നഴ്സുമാരും അവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ സൗദി പൗരനായ ഡ്രൈവറുമാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ഷോപ്പിങ്ങിനായി യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം.കോട്ടയം പാലാ സ്വദേശികളായ ജെയ്സിമോൾ മാത്യു (36), കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ സ്വദേശിനി ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളി നഴ്സുമാർ. തമിഴ്നാട് സ്വദേശികളായ ദേവമണി ഹെപ്സിബ (33), വിജയലക്ഷ്മി (36) എന്നിവരാണ് മരിച്ച മറ്റ് നഴ്സുമാർ. ദേവമണി തഞ്ചാവൂർ പട്ടുകോട്ട സ്വദേശിനിയും വിജയലക്ഷ്മി ചെന്നൈ സ്വദേശിനിയുമാണ്.സൗദി സർക്കാരിന് കീഴിലുള്ള ഡിസ്പൻസറികളിലെ ജീവനക്കാരായിരുന്നു അപകടത്തിൽപ്പെട്ട നാല് നഴ്സുമാരും. മക്കയിലെ അൽഗഫയിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. വാരാന്ത്യ അവധിയായതിനാൽ സാധനങ്ങൾ വാങ്ങുന്നതിനായി റാനിയ പട്ടണത്തിലേക്ക് പോകുകയായിരുന്നു സംഘം.യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ച വാഹനവും മറ്റൊരു വാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ അഞ്ചുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.മരണാനന്തര നടപടിക്രമങ്ങൾ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെയും കെഎംസിസി റാനിയ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്.

Post a Comment

Previous Post Next Post