മലബാറിലെ ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമായി എറണാകുളം - ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിനു ഒറ്റപ്പാലത്ത് സ്റ്റോപ് അനുവദിച്ചു. യാത്രക്കാരുടെ കാലങ്ങളായുള്ള ആവശ്യമാണു നടപ്പായത്. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള ട്രെയിനിനും ഒറ്റപ്പാലത്തു സ്റ്റോപ്പുണ്ടാകും. ബെംഗളൂരുവിലേക്കുള്ള ട്രെയിൻ രാവിലെ 11നു ശേഷവും തിരിച്ചുള്ള ട്രെയിൻ ഉച്ചകഴിഞ്ഞു 2നു ശേഷവുമാണ് ഒറ്റപ്പാലത്തെത്തുക.
ഷൊർണൂർ ജംക്‌ഷൻ സ്പർശിക്കാതെ പോകുന്ന ട്രെയിനിനു തൃശൂർ കഴിഞ്ഞാൽ പാലക്കാടാണു സ്റ്റോപ്പുണ്ടായിരുന്നത്. ഒറ്റപ്പാലം, ഷൊർണൂർ മേഖലകളിലെ യാത്രക്കാർക്കു പുറമേ, മലപ്പുറം ജില്ലയിലെ യാത്രക്കാർക്കും ഏറെ പ്രയോജനകരമാകും ഒറ്റപ്പാലത്തെ സ്റ്റോപ്.
ജനപ്രതിനിധികളും ട്രെയിൻ യാത്രക്കാരുടെ കൂട്ടായ്മകൾ ഉൾപ്പെടെ ഒട്ടേറെ സംഘടനകളും ഇക്കാര്യം ആവശ്യപ്പെട്ടു റെയിൽവേയെ നിരന്തരം സമീപിച്ചിരുന്നു. അമൃത് ഭാരത് പദ്ധതിപ്രകാരം 10 കോടി രൂപയിലേറെ മുടക്കി റെയിൽവേ സ്റ്റേഷൻ നവീകരണം അന്തിമഘട്ടത്തിലെത്തിയിരിക്കെയാണു സ്റ്റോപ് അനുവദിച്ചത്


