പൊലീസ് ഇൻസ്‌പെക്ടറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; പ്രതിക്ക് 42 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും


 ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ഒല്ലൂർ ഇൻസ്‌പെക്ടർ ടി.പി. ഫർഷാദിനെ കുത്തിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മയക്കുമരുന്ന്, വധശ്രമം ഉൾപ്പെടെ 19ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ പടവരാട് സ്വദേശി അനന്തു (മാരി) (27)യെയാണ്

42 വർഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി–2 സ്പെഷൽ ജഡ്ജി രമ്യ ആർ. മേനോനാണ് ശിക്ഷ വിധിച്ചത്.


ഒല്ലൂർ പടവാരാട് അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപത്തെ ഫാമിൽ പ്രതിയായ അനന്തു ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് 2024 ഡിസംബർ അഞ്ചിന് ഇൻസ്‌പെക്ടർ ടി.പി. ഫർഷാദും പൊലീസ് സംഘവും സ്ഥലത്തെത്തിയത്. വിവിധ ക്രമസമാധാന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെട്ടിരുന്ന പ്രതി സ്റ്റേഷൻ റൗഡി ലിസ്റ്റിലുമുണ്ടായിരുന്നു.

പ്രതിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇൻസ്‌പെക്ടറെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഫർഷാദിനെ കഴുത്തിലും ഇടത് നെഞ്ചിലും കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇൻസ്‌പെക്ടറെ ഒല്ലൂരിലെ മിഡാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പൊലീസ് ബലംപ്രയോഗിച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തു.


മയക്കുമരുന്ന്, വധശ്രമം ഉൾപ്പെടെ 19ഓളം ക്രിമിനൽ കേസുകളിൽ പ്രതി ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസിൽ ഇതുവരെ പ്രതിക്ക് ജാമ്യം ലഭിച്ചിട്ടില്ല. വിചാരണ തടവുകാരനായാണ് പ്രതി കേസിൽ വിചാരണ നേരിട്ടത്.

പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 47 സാക്ഷികളെ വിസ്തരിച്ചു. 68 രേഖകളും സിസിടിവി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും കൂടാതെ എട്ട് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. വിചാരണയ്ക്കിടെ ഒരു സാക്ഷിയും കൂറുമാറിയില്ലെന്നതും കേസിന്റെ പ്രത്യേകതയാണ്. എല്ലാ സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി.

ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ഇൻസ്‌പെക്ടറെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ മനപ്പൂർവം കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കുറ്റങ്ങളിലാണ് കോടതി ശിക്ഷ വിധിച്ചത്.

Post a Comment

Previous Post Next Post