ചങ്ങരംകുളം: തൃശ്ശൂർ–കുറ്റിപ്പുറം സംസ്ഥാനപാതയിൽ ചങ്ങരംകുളം മാർസ് തീയറ്ററിന് സമീപം ടൂറിസ്റ്റ് ബസ്സുകൾ കൂട്ടിയിടിച്ച് എട്ടോളം പേർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ 5.10ഓടെയാണ് അപകടം.
മൂന്നാറിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന മലപ്പുറം മക്കരപ്പറമ്പിൽ നിന്നുള്ള പാപ്പിലിയോ ടൂറിസ്റ്റ് ബസ്സിന് പിന്നിൽ ഇതേ ദിശയിൽ വന്ന ലെജൻഡർ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. പരപ്പനങ്ങാടിയിൽ നിന്നുള്ള വിനോദയാത്രാ സംഘമാണ് ലെജൻഡർ ബസ്സിലുണ്ടായിരുന്നത്.
പാപ്പിലിയോ ബസ്സിൽ യാത്ര ചെയ്തിരുന്ന 34 പേരിൽ എട്ടോളം പേർക്ക് പരിക്കേറ്റു. ലെജൻഡർ ബസ്സിന്റെ മുൻവശത്തുണ്ടായിരുന്ന ഏതാനും യാത്രക്കാർക്കും നിസാര പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ഓർക്കിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ആരുടെയും പരിക്ക് ഗുരുതരമല്ല.
യാത്രക്കാരുടെ സൗകര്യാർഥം പകരം രണ്ട് ബസ്സുകൾ എത്തിച്ച് യാത്ര തുടർന്നു. കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള സംഘങ്ങളാണ് ഇരുബസ്സുകളിലുമായി യാത്ര ചെയ്തിരുന്നത്. കൂട്ടിയിടിയിൽ ലെജൻഡർ ബസ്സിന്റെ മുൻവശവും പാപ്പിലിയോ ബസ്സിന്റെ പിൻഭാഗവും തകർന്നു.
അതേസമയം ചങ്ങരംകുളം മാർസ് തീയറ്ററിന് സമീപത്തെ ഹമ്പ് ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാൻ വൈകുന്നതും പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടിവരുന്നതും അപകടങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ പറയുന്നു. പിന്നിൽ വരുന്ന വാഹനങ്ങൾ ഇടിച്ചുണ്ടാകുന്ന അപകടങ്ങൾ ഇവിടെ പതിവാണ്. വളയംകുളത്തും സമാനമായി ഹമ്പിൽ വാഹനങ്ങൾ കൂട്ടിയിടിക്കുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ഹമ്പുകൾക്ക് മുന്നറിയിപ്പ് ബോർഡുകളും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.
ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.


