കൊല്ലം നഗരത്തിലെ ഹോട്ടലിൽ കഞ്ചാവുമായി യുവ ഡോക്ടർമാരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പട്ടം സ്വദേശി അജാസ് ഖാൻ (29), എറണാകുളം വെണ്ണല സ്വദേശിനി അലീന മാർഗ്രറ്റ് സഖറിയ (28) എന്നിവരാണ് പിടിയിലായത്. കൊല്ലം ജില്ലാ ആശുപത്രിയിലെ ഹൗസ് സർജനാണ് അലീന മാർഗ്രറ്റ് സഖറിയ. വിദേശത്ത് എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ ആളാണ് അജാസ് ഖാൻ.
കൊല്ലം കോട്ടമുക്കിലെ ഒരു ഹോട്ടലിൽ ഇരുവരും റൂമെടുത്ത് താമസിക്കുന്നതിനിടെയാണ് സംഭവം. ഇതിനിടയിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് അലീനയെ അജാസ് ഖാൻ ഉപദ്രവിക്കുകയാണെന്ന് ഹോട്ടൽ ജീവനക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു. വിവരം അന്വേഷിക്കാനെത്തിയ പൊലീസിനെ അജാസ് ഖാൻ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു.
തുടർന്ന് നടത്തിയ പരിശോധനയിൽ ഉപയോഗിക്കാൻ കരുതിയ കഞ്ചാവ് ഹോട്ടൽ മുറിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കഞ്ചാവ് കേസിൽ ഇരുവർക്കും സ്റ്റേഷൻ ജാമ്യം ലഭിച്ചെങ്കിലും, പൊലീസുകാരെ ആക്രമിച്ചതിന് അജാസ് ഖാനെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്ത് റിമാൻഡ് ചെയ്തു. കൂടാതെ, യുവതിയെ ആക്രമിച്ചെന്ന പരാതിയിലും ഇയാൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.


