വിമാനങ്ങൾ മുടങ്ങി, മൃതദേഹങ്ങൾ മോർച്ചറിയിൽ കെട്ടിക്കിടക്കുന്നു; മലയാളി പ്രവാസികൾ ദുരിതത്തിൽ


 സൗദിയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളെ തുടർന്ന് റിയാദ് വിമാനത്താവളത്തിലെ യാത്രാ, കാർഗോ സർവീസുകൾ തടസ്സപ്പെട്ടതോടെ നൂറുകണക്കിന് മലയാളി പ്രവാസികൾ പ്രതിസന്ധിയിൽ. ഇന്ത്യൻ വിമാനക്കമ്പനികളടക്കം സർവീസുകൾ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തതോടെ നാട്ടിലേക്ക് മടങ്ങാനിരുന്നവരും സൗദിയിലേക്ക് തിരികെ പോകേണ്ടവരുമാണ് ഏറെ ബുദ്ധിമുട്ടിലായത്. അടിയന്തരമായി നാട്ടിലെത്തേണ്ടവർ, വീസ കാലാവധി അവസാനിക്കാറായവർ, ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലുള്ളവർ എന്നിവർക്കൊപ്പം മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കേണ്ട കുടുംബങ്ങളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.റിയാദിൽ നിന്ന് ആവശ്യമായ കാർഗോ സൗകര്യം ലഭ്യമല്ലാത്തതിനാൽ മൃതദേഹങ്ങൾ ദിവസങ്ങളോളം മോർച്ചറിയിൽ സൂക്ഷിക്കേണ്ട സാഹചര്യമാണെന്നാണ് പരാതി. ദമാമിൽ ആവശ്യമായ സൗകര്യം ലഭിക്കാത്തപ്പോൾ മൃതദേഹങ്ങൾ റിയാദിൽ നിന്ന് ജിദ്ദയിലേക്ക് റോഡ് മാർഗം എത്തിക്കേണ്ടിവരുന്നതും കുടുംബങ്ങൾക്കും സാമൂഹിക പ്രവർത്തകർക്കും വലിയ പ്രയാസം സൃഷ്ടിക്കുന്നു. അതേസമയം, യാത്ര മുടങ്ങിയ പലരും ബഹ്റൈൻ, ഖത്തർ, യുഎഇ തുടങ്ങിയ അയൽരാജ്യങ്ങളിലെ വിമാനത്താവളങ്ങൾ വഴി നാട്ടിലേക്ക് പോകാൻ ശ്രമിക്കുകയാണ്. എന്നാൽ പ്രായമായവരും രോഗികളും കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവരും ഉൾപ്പെടെയുള്ളവർക്ക് ഈ ബദൽ മാർഗങ്ങളും വലിയ ദുരിതമാണ് സമ്മാനിക്കുന്നത്.പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നും പ്രത്യേകിച്ച് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് മാനുഷിക പരിഗണന നൽകി ബദൽ കാർഗോ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം ആവശ്യപ്പെട്ടു.


സൗദിയയുടെ തിരുവനന്തപുരം സർവീസുകൾ പുനരാരംഭിക്കുന്നതിനും തിരുവനന്തപുരം വിമാനത്താവളത്തിന് സൗദിയയുടെ ‘പോയിന്റ് ഓഫ് കോൾ’ അനുമതി ലഭ്യമാക്കുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കണമെന്നും ഫോറം ആവശ്യപ്പെട്ടു. ദമ്മാം ഉൾപ്പെടെയുള്ള സൗദി വിമാനത്താവളങ്ങളിൽ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുന്നത് തെക്കൻ കേരളത്തിലെ ആയിരക്കണക്കിന് പ്രവാസികൾക്ക് വലിയ ആശ്വാസമാകുമെന്നും ഫോറം ചൂണ്ടിക്കാട്ടി. കേന്ദ്ര വ്യോമയാന മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, കേരള സർക്കാർ, റിയാദിലെ ഇന്ത്യൻ എംബസി എന്നിവർ സൗദി അധികൃതരുമായും വിമാനക്കമ്പനികളുമായും അടിയന്തര ചർച്ച നടത്തി പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാണ് ആവശ്യം.

Post a Comment

Previous Post Next Post