സാമ്പത്തിക സാക്ഷരത ക്യാമ്പിന് തുടക്കം


 എടപ്പാൾ :റോട്ടറി ക്ലബ് എടപ്പാളിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പുകൾക്ക് റെയ്ഹാൻ കോളേജ് ഓഫ് ഒപ്റ്റോമെട്രിയിൽ തുടക്കമായി. തവനൂർ എം.എൽ.എ അഡ്വ. വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു.


സാമ്പത്തിക ക്രമക്കേടുകൾ, ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ, സോഷ്യൽ മീഡിയയിലെ ചതിക്കുഴികൾ, സുരക്ഷിത ബാങ്കിങ് രീതികൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. റെയ്ഹാൻ ഗ്രൂപ്പ് എം.ഡി. ആൻഡ് സി.ഇ.ഒ ആർ.ടി.എൻ. ഡോ. ടി.കെ. സലാഹുദ്ദീൻ മുഖ്യാതിഥിയായി.


റോട്ടറി ക്ലബ് എടപ്പാൾ പ്രസിഡന്റ് ആർ.ടി.എൻ. പ്രകാശ് പുളിക്കപറമ്പിൽ അധ്യക്ഷത വഹിച്ചു. ധനലക്ഷ്മി ബാങ്ക് ഡി.ജി.എം അഭിരാം ഉണ്ണി പ്രത്യേക സാന്നിധ്യമായി. പൊന്നാനി ബ്ലോക്ക് ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ ആനന്ദറോഹിണി കെ. സാമ്പത്തിക സാക്ഷരതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ക്ലാസ് നയിച്ചു.


ഓൺലൈൻ സാമ്പത്തിക ഇടപാടുകളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, ബാങ്കിങ് സുരക്ഷ, സാമ്പത്തിക തട്ടിപ്പുകളിൽനിന്നുള്ള സംരക്ഷണം, സോഷ്യൽ മീഡിയയിലെ ചതിക്കുഴികൾ തുടങ്ങിയ വിഷയങ്ങളിൽ വിശദമായ ബോധവൽക്കരണവും നൽകി.


റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ധനലക്ഷ്മി ബാങ്ക് എടപ്പാൾ ശാഖയുടെ സഹകരണത്തോടെ റോട്ടറി ക്ലബ് എടപ്പാളും റെയ്ഹാൻ കോളേജ് ആൻഡ് ഹോസ്പിറ്റലും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Post a Comment

Previous Post Next Post