പന്നിത്തടം സെന്ററിൽ മീൻ കയറ്റി വന്നിരുന്ന ലോറി കാറിലിടിച്ച് ഏഴ് പേർക്ക് പരിക്ക്.കാർ യാത്രക്കാരായ മലപ്പുറം തിരൂർ സ്വദേശികളായ ആദിൽ ഫവാസ് (22), റിഫാൻ (20), സിനാൻ(21),മുഹ്സിൻ( 22 ), ബിഷർ (22 )എന്നിവർക്കും ലോറി ഡ്രൈവർ വൈപ്പിൻ ചേറായി സ്വദേശി ഇക്ബാൽ,സഹായി വൈപ്പിൻ സ്വദേശി ഷംസു എന്നിവർക്കാണ് പരിക്ക് പറ്റിയത്.ഇന്നലെ രാത്രി 11.15 ഓടെയാണ് അപകടമുണ്ടായത്. കുന്നംകുളം - വടക്കാഞ്ചേരി സംസ്ഥാന പാതയും അക്കിക്കാവ് - കേച്ചേരി ബൈപ്പാസ് റോഡും സംഘമിക്കുന്ന സെന്ററാണ് പന്നിത്തടം. വൈപ്പിനിൽ നിന്നും മത്സ്യവുമായി കുന്നംകുളം വഴി ചെറുതുരുത്തിക്ക് പോകുകയായിരുന്ന ലോറി എറണാംകുളത്ത് നിന്ന് ബൈപ്പാസ് റോഡ് വഴി മലപ്പുറത്തേക്ക് പോകുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഏകദേശം 30 മീറ്ററോളം ദൂരത്തിലേക്ക് കാർ നിരക്കി കൊണ്ട് പോയി വടക്കാഞ്ചേരി ഭാഗത്ത് റോഡരുകിലുള്ള ഇലക്ട്രിക്ക് പോസ്റ്റും തകർത്ത് വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. കാർ പൂർണ്ണമായും തകർന്നു.കാറിലുളളവരെ നാട്ടുകാർ ചേർന്ന് ശ്രമപ്പെട്ടാണ് പുറത്തെടുത്തത്.ഇവരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ പന്നിത്തടം അൽഅമീൻ ആംബുലൻസും, എരുമപ്പെട്ടി ആക്ട്സ് ആംബുലൻസും ചേർന്ന് കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ലോറിയുടെ മുൻ വശവും തകർന്നിട്ടുണ്ട്. ലോറിയിലുള്ളവരുടെ പരുക്ക് സാരമുള്ളതല്ല. അപകടത്തിൽ വ്യാപാര സ്ഥാപനവും പൂർണ്ണമായും തകർന്നു. കട അടഞ്ഞ് കിടക്കുകയായിരുന്നതിനാൽ ആളപായമില്ല.പന്നിത്തടം നീണ്ടൂർ സ്വദേശി അബ്ദുൾ റഷീദിന്റെ ഉടമസ്ഥതയിലുള്ള എം.ആർ. ഫ്രൂട്ട്സ് ആന്റ് വെജിറ്റബിൾസ് എന്ന കടയാണ് തകർന്നത്. ലോറി അമിത വേഗതിയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അപകട സമയത്ത് സിഗ്നലൽ ലൈറ്റ് പ്രവർത്തിച്ചിരുന്നില്ല. രാത്രി 10 മുതൽ രാവിലെ 6 മണി വരെ സിഗ്നൽ പ്രവർത്തിക്കാറില്ല. സിഗ്നൽ ലൈറ്റുകൾ മുഴുവൻ സമയവും പ്രവർത്തിപ്പിക്കണമെന്നും സെന്ററിന് മുമ്പ് നാല് ഭാഗമുള്ള റോഡുകളിലും സ്പീഡ് ബ്രേക്കറുകളും ഹമ്പുകളും സ്ഥാപിക്കണമെന്നും നാട്ടുകാരും പൊതു പ്രവർത്തകരും രാഷ്ട്രീയ പാർട്ടികളും സംഘടനകളും ആവശ്യപ്പെട്ട് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിരന്തരം നിവേദനങ്ങളും പരാതികളും നൽകുന്നുണ്ടെങ്കിലും അധികൃതർ ഇത് പരിഗണിക്കുന്നില്ല എന്ന് നാട്ടുകാർ പറയുന്നു.കുന്നംകുളം ഫയർ ഫോഴ്സും എരുമപ്പെട്ടി പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
പന്നിത്തടം സെന്ററിൽ വൻ അപകടം;മീൻ കയറ്റി വന്നിരുന്ന ലോറി കാറിലിടിച്ച് ഏഴ് പേർക്ക് പരിക്ക്.
byWELL NEWS
•
0


