ന്യൂഡൽഹി: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്ക് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ ഫയൽ ചെയ്യാൻ അർഹതയുണ്ടെന്ന് സുപ്രീം കോടതി. വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയനടക്കം നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ ഇവർക്ക് തടസ്സമില്ലെന്നാണ് പരമോന്നത കോടതി ഉത്തരവിട്ടത്.ഹർജിക്കാർക്ക് അപ്പീൽ നൽകാൻ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ മുൻ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ ഫയൽ ചെയ്യുന്നതിനായി, നിലവിൽ സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ തുടരന്വേഷണം സുപ്രീം കോടതി ഏഴ് ദിവസത്തേക്ക് സ്റ്റേ ചെയ്തു. ജഡ്ജിമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.സിംഗിൾ ബെഞ്ചിന്റെ പരിഗണനയിലുണ്ടായിരുന്ന റിട്ട് ഹർജിയിൽ ഹർജിക്കാർ കക്ഷികളായിരുന്നില്ല. എന്നാൽ, ഇവർക്കെതിരെ പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്ന കുറ്റകൃത്യങ്ങളുണ്ടെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ച സാഹചര്യത്തിൽ, അവർ തീർച്ചയായും ഈ ഉത്തരവിലൂടെ ബാധിക്കപ്പെടുന്നവരും പരാതി ഉന്നയിക്കാൻ അർഹതയുള്ളവരുമാണെന്ന് സുപ്രീം കോടതി വിലയിരുത്തി. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിക്കുന്നതിന് മുൻപ് ആരോപണവിധേയരുടെ വാദം കേൾക്കേണ്ടതില്ലെന്ന ഇഡിയുടെയും ഹർജിക്കാരന്റെയും വാദങ്ങൾ കോടതി തള്ളി."കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ 66(2) വകുപ്പ് പ്രകാരമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസല്ല ഇത്. മറിച്ച്, ഭരണഘടനാ കോടതിയുടെ നേരിട്ടുള്ള ഉത്തരവിലൂടെയാണ് എഫ്ഐആറും അന്വേഷണവും ആരംഭിച്ചത്. ഇഡി കൈമാറിയ രേഖകൾ കുറ്റകൃത്യം വ്യക്തമാക്കുന്നുണ്ടെന്നും അതിനാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സർക്കാർ ബാധ്യസ്ഥരാണെന്നും സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. ഈ നിരീക്ഷണത്തെ ചോദ്യം ചെയ്യാൻ ആരോപണവിധേയർക്ക് അനുവാദം നൽകിയില്ലെങ്കിൽ, എഫ്ഐആറിനെതിരെയുള്ള അവരുടെ തുടർന്നുള്ള നിയമപോരാട്ടങ്ങളെ അത് ദോഷകരമായി ബാധിക്കും," കോടതി നിരീക്ഷിച്ചു.ബിഎൻഎസ്എസ് പുതിയ വ്യവസ്ഥകളും കോടതി വിധിയിൽ പരാമർശിച്ചു. മുൻപുണ്ടായിരുന്ന സിആർപിസി 156(3) വകുപ്പിൽ നിന്ന് വ്യത്യസ്തമായി, പുതിയ ബിഎൻഎസ്എസ് 175(4) വകുപ്പ് പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതികൾ ഉത്തരവിടുന്നതിന് മുൻപ് ബന്ധപ്പെട്ട പൊതുപ്രവർത്തകന്റെയോ ഉന്നത ഉദ്യോഗസ്ഥന്റെയോ വിശദീകരണം തേടേണ്ടതുണ്ട്. ഒരു കേസിൽ എഫ്ഐആർ ഇടുന്നതിന് മുൻപ് തന്നെ സാധ്യതയുള്ള പ്രതിക്ക് നിയമം നൽകുന്ന സംരക്ഷണത്തിന്റെ വ്യാപ്തിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.കൂടാതെ, എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മാത്രമല്ല, അന്വേഷണം ആരംഭിക്കാനും അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും സിംഗിൾ ബഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം പൂർത്തിയാക്കണമെങ്കിൽ പ്രത്യേക നിയമപരമായ അനുമതികൾ ആവശ്യമാണ്. ഈ സാഹചര്യത്തിൽ ഹർജിക്കാർക്ക് അപ്പീൽ നൽകാൻ അവകാശമുണ്ടെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, വിഷയത്തിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും വ്യക്തമാക്കി. ഡിവിഷൻ ബെഞ്ചിന് നിയമപരമായ വസ്തുതകൾ പരിശോധിച്ച് ഇടക്കാല ആശ്വാസത്തിൽ സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
കേസ് പരിഗണിച്ചപ്പോൾ ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര സിംഗിൾ ബെഞ്ചിന്റെയും ഡിവിഷൻ ബെഞ്ചിന്റെയും നടപടികളെ നിശിതമായി വിമർശിച്ചു. പൊതുതാൽപര്യ ഹർജികൾ പരിഗണിക്കാൻ റോസ്റ്റർ അധികാരമില്ലാതിരുന്നിട്ടും സിംഗിൾ ബെഞ്ച് ഈ ഹർജിയിൽ തീർപ്പുകൽപ്പിച്ചുവെന്നും, എന്നാൽ ഇതിനെതിരെ അപ്പീൽ നൽകാൻ ഡിവിഷൻ ബെഞ്ച് അനുമതി നിഷേധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വിചിത്രമായ കേസാണ് ഇതെന്ന് വിശേഷിപ്പിച്ച ലൂത്ര, ഡിവിഷൻ ബെഞ്ച് അപ്പീലിന് അനുമതി നൽകാതിരുന്നതിലെ വൈരുദ്ധ്യവും ഉയർത്തിക്കാട്ടി.


