തിരൂർ: മലപ്പുറം ജില്ലാ പോലീസിന്റെയും തിരൂർ സബ് ഡിവിഷന്റെയും നേതൃത്വത്തിൽ കോട്ടക്കൽ അൽമാസ് ആശുപത്രിയുമായി സഹകരിച്ച് പൊതുജനങ്ങൾക്കായി തിരൂർ ജനമൈത്രി പോലീസ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
വ്യാഴാഴ്ച (ഒക്ടോബർ 22) രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ തിരൂർ പോലീസ് സ്റ്റേഷൻ കോൺഫറൻസ് ഹാളിലാണ് ക്യാമ്പ്.
പോലീസ് രക്തസാക്ഷി സ്മൃതിദിനത്തോടനുബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശപ്രകാരം എല്ലാ പോലീസ് സബ് ഡിവിഷനുകളിലും പൊതുജനങ്ങൾക്കായി രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി.
കേരള പോലീസിന്റെ പോൽബ്ലഡ് പദ്ധതിയും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലും (കെ.എസ്.ബി.ടി.സി.) സംയുക്തമായി സംഘടിപ്പിക്കുന്ന സംരക്ഷ 2026 മെഗാ രക്തദാന ക്യാമ്പയിന്റെ ഭാഗമായാണ് തിരൂരിലും ക്യാമ്പ് നടത്തുന്നത്.
രക്തദാനത്തിലൂടെ ജീവൻ രക്ഷിക്കുകയെന്ന മഹത്തായ ദൗത്യത്തിലൂടെ രക്തസാക്ഷികളായ പോലീസുദ്യോഗസ്ഥരുടെ സ്മരണയെ ആദരിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.
യുവജനങ്ങൾ, ക്ലബ് പ്രവർത്തകർ, സ്ത്രീകൾ ഉൾപ്പെടെ എല്ലാ പൊതുജനങ്ങളും ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം ചെയ്യണമെന്ന് തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത് അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കോ-ഓർഡിനേറ്ററും ജനമൈത്രി പോലീസ് കോ-ഓർഡിനേറ്ററുമായ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാടുമായി 9745502688 എന്ന നമ്പറിൽ ബന്ധപ്പെടാം.


