ഫിനാൻസ് സ്ഥാപനത്തിൽ നിന്നും സ്വർണ്ണാഭരണങ്ങൾ ടേക്കൺ ഓവർ ചെയ്യാനെന്ന പേരിൽ അരക്കോടിയിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയും അകലാട് എടക്കഴിയൂർ സ്വദേശിയുമായ നൂറു എന്നുവിളിക്കുന്ന സുനീർ എന്നയാളെയാണ് ചാവക്കാട് പോലീസ് മൈസൂരിൽ നിന്നും പിടികൂടിയത്.
14.9.2026 മുതലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫിനാൻസ് സ്ഥാപനത്തിൽ പ്രതി വച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ ടേക്ക് ഓവർ ചെയ്യാനെന്ന പേരിൽ 70,40,000/- രൂപ സ്ഥാപനത്തിൻെറ തൃശൂരിലുള്ള ബാങ്കിൻെറ അക്കൌണ്ടിൽ നിന്നും പ്രതിയുടെ അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും, തുടർന്ന് ഈ തുകയിൽ നിന്നും ഫിനാൻസ് സ്ഥാപനം അറിയാതെ പ്രതി 59,80,000/- രൂപ മറ്റു അക്കൌണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തും എ ടി എം മുഖേന പിൻവലിക്കുകയും ചെയ്ത് തട്ടിപ്പുനടത്തുകയായിരുന്നു.
ഇക്കാര്യത്തിന് സ്ഥാപനത്തിൻെറ മാനേജർ ചാവക്കാട് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ചാവക്കാട് പോലീസ് കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും അന്വേഷണത്തിനിടയിൽ പ്രതി നാടുവിടുകയും ചെയ്തതായി കണ്ടെത്തുകയും ചെയ്തു. തുടർന്നുള്ള അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തിലുള്ള അന്വേഷണത്തിൽ പ്രതി മൈസൂരിലുണ്ടെന്ന് കണ്ടെത്തുകയും അന്വേഷണ സംഘം അതിവിദഗ്ധമായി പ്രതിയെ മൈസൂരിൽ നിന്നും പിടികൂടുകയുമായിരുന്നു. പ്രതി ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിലെ സമാനകേസിൽ ഉൾപ്പെട്ടയാളും, വടക്കേകാട് സ്റ്റേഷനിലെ നിരവധി ക്രമിനൽകേസുകളിലെ പ്രതിയുമാണ്.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െഎ പി എസിൻെറ നിർദ്ദേശത്തിലും ഗുരുവായൂർ സബ് ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണർ സുരേന്ദ്രൻ മാങ്ങാട്ടിൻെറ നേതൃത്വത്തിലുമുണ്ടായിരുന്ന അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എം.കെ. രമേഷ്, സബ് ഇൻസ്പെക്ടർമാരായ പ്രീത ബാബു (SHO ), ജലീൽ . കെ.ബി., സജിത് കുമാർ , SCPO മാരായ സജീവ്, അജിത്ത് ലാൽ, CPO മാരായ രജിത്ത്, വിഷ്ണു.S , (വടക്കേക്കാട് PS), കൂടാതെ തൃശൂർ സിറ്റിസൈബർ പോലീസ് ഉദ്യോഗസ്ഥരുമാണ് ഉണ്ടായിരുന്നത്.


