കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് പി.എസ്.എം. ഡെന്റൽ കോളേജ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായിരുന്ന പരേതനായ മുഹമ്മദ് കുട്ടി ഹാജിയുടെ സ്മരണാർത്ഥം ഡയാലിസിസ് മെഷീൻ വിട്ടുനൽകി.
അദ്ദേഹത്തിന്റെ ചികിത്സാർത്ഥം വാങ്ങിയിരുന്ന മെഷീനാണ് വേർപാടിനുശേഷം രോഗികളുടെ ഉപയോഗത്തിനായി കോളേജ് മാനേജ്മെന്റ് താലൂക്ക് ആശുപത്രിക്ക് കൈമാറിയത്.
താലൂക്ക് ആശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങിൽ കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സൗമ്യ അനിലൻ ഡയാലിസിസ് മെഷീൻ ഏറ്റുവാങ്ങി.
സാധാരണക്കാരായ രോഗികൾക്ക് ഏറെ ആശ്വാസകരമാകുന്നതാണ് ഈ ജീവകാരുണ്യ പ്രവർത്തനമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് ചെയർപേഴ്സൺ പറഞ്ഞു. മൂന്ന് ഷിഫ്റ്റുകളിലായി മാസം 650-ഓളം പേർക്ക് ഡയാലിസിസ് സൗകര്യം നൽകുന്ന കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ജില്ലയിൽ തന്നെ മാതൃകാപരമായ ഒന്നാണെന്നും ചെയർപേഴ്സൺ കൂട്ടിച്ചേർത്തു.
ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ പി.ജി. ജയപ്രകാശ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ മിഷ സെബാസ്റ്റ്യൻ (ആരോഗ്യം), ടി. സോമശേഖരൻ (പൊതുമരാമത്ത്), ആർഷ ജിജു (വിദ്യാഭ്യാസം), കക്ഷി നേതാക്കളായ ഷാജി ആലിക്കല്‍, ശ്രീജിത്ത് ആവേന്‍, ലെബീബ് ഹസന്, വിവിധ കൌണ്‍സിലര്‍മാര്‍, പി.എസ്.എം. ഡെന്റൽ കോളേജ് ചെയർമാൻ ഡോ. പി.എം റിയാസ്, ട്രഷറർ പി.എം. അബ്ദുറഹ്മാൻ, ക്ലിനിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. ലുക്ക്മാൻ, താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. മണികണ്ഠൻ, പ്രേംരാജ് ചൂണ്ടലാത്ത്, എച്ച്.എം.സി അംഗങ്ങള്‍, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.


