'നിർമ്മലം പുതുയുഗ കേരളം' ക്യാമ്പയിന് കുന്നംകുളത്ത് തുടക്കം


 കുന്നംകുളം: മാലിന്യ സംസ്കരണ രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് കുന്നംകുളം നഗരസഭ സംഘടിപ്പിക്കുന്ന "നിർമ്മലം പുതുയുഗ കേരളം" നഗരസഭാ തല ക്യാമ്പയിന്റെ ഉദ്ഘാടനവും ശുചിത്വ മിഷൻ അർബൻ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച ഗേൾസ് ഹൈസ്കൂൾ ടോയ്‌ലറ്റ് കോംപ്ലക്സിന്റെ ഉദ്ഘാടനവും 'സ്വച്ഛത ഹി സേവ' ക്യാമ്പയിന്റെ ഭാഗമായി നഗരസഭാ തലത്തിൽ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവരെ ആദരിക്കുകയും ചെയ്തു.


 കുന്നംകുളം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ പി.ജി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. 


സ്വച്ഛ് ഭാരത് മിഷൻ കേന്ദ്രാവിഷ്കൃത ഫണ്ടിൽ നിന്നുള്ള 23,40,000 രൂപയും 4,79,400 രൂപയുടെ മെയിന്റനൻസ് ഫണ്ടും ഉൾപ്പെടെ ആകെ 28,19,400 (മൊത്തം 28.2 ലക്ഷം) രൂപ ചെലവഴിച്ചാണ് സ്കൂളിലെ പുതിയ ടോയ്‌ലറ്റ് ബ്ലോക്കുകളുടെ നിർമ്മാണം പൂർത്തീകരിച്ചത്.


 ഗേൾസ് ഹൈസ്കൂളിനോട് ചേർന്ന് പെൺകുട്ടികൾക്കായി 371 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 6 ഇന്ത്യൻ ക്ലോസറ്റുകൾ, 2 യൂറോപ്യൻ വാട്ടർ ക്ലോസറ്റുകൾ, വാഷ് ബേസിൻ, റാംപ്, കോമ്പൗണ്ട് വാൾ മെയിന്റനൻസ്, സ്റ്റെപ്പ് നിർമ്മാണം എന്നിവയടങ്ങിയ ആർ.സി.സി ടോയ്‌ലറ്റ് ബ്ലോക്കും പ്ലസ് ടു വിഭാഗത്തോട് ചേർന്ന് 248 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 10 യൂറിനലുകളും 2 യൂറോപ്യൻ വാട്ടർ ക്ലോസറ്റുകളും ഉൾപ്പെടുന്ന ആർ.സി.സി ബ്ലോക്കും സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കി തുറന്നു കൊടുത്തത്

ചടങ്ങിന്റെ ഭാഗമായി 'സ്വച്ഛത ഹി സേവ' ക്യാമ്പയിനിൽ നഗരസഭാ തല മത്സര വിജയികളെ ആദരിക്കുകയും ചെയ്തു.


 കൂടാതെ സ്കൂൾ കുട്ടികൾ മാലിന്യമുക്ത കേരള സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് അവതരിപ്പിച്ച ബോധവൽക്കരണ സ്കിറ്റും പരിപാടിക്ക് മാറ്റുകൂട്ടി.

വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ ജോൺ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി മോൻസി, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിഷ സെബാസ്റ്റ്യൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. സോമശേഖരൻ, വിദ്യാഭ്യാസ-കലാ കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർഷ ജിജു, നഗരസഭാ കൗൺസിലർമാരായ ഷാജി ആലിക്കൽ, ശ്രീജിത്ത് ആവേൻ, സോണി ഷാജി, മറ്റു കൌണ്‍സിലര്‍മാര്‍ ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ രജനീഷ് രാജൻ, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്യാം വി.ബി, ഹെഡ്മിസ്ട്രസ് കെ.കെ മഞ്ജുള, പി.ടി.എ പ്രസിഡന്റ് ഇ.എൻ. ശ്രീകാന്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.


 നഗരസഭാ സെക്രട്ടറി കെ.കെ. മനോജ് നന്ദിയും പറഞ്ഞു. മുനിസിപ്പൽ അസിസ്റ്റന്റ് എഞ്ചിനീയർ മനാജ് മുഹമ്മദ് സാങ്കേതിക റിപ്പോർട്ടും അവതരിപ്പിച്ചു.

Post a Comment

Previous Post Next Post