തവനൂർ: കിടത്തി ചികിത്സാ സൗകര്യമുള്ള സർക്കാർ ആശുപത്രിയുടെ അഭാവം ഉൾപ്പെടെയുള്ള ആരോഗ്യ മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തവനൂർ മണ്ഡലത്തിൽ വികസന നടപടികൾക്ക് തുടക്കം. ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ ചേംബറിൽ വി.എസ്. ജോയ് എം.എൽ.എയുടെ സാന്നിധ്യത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് പ്രധാന തീരുമാനങ്ങൾ.
കാലപ്പഴക്കം ചെന്ന പുറത്തൂർ പി.എച്ച്.സി. കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിർമിക്കാനും നബാർഡ് പദ്ധതിയിൽനിന്ന് ഫണ്ട് അനുവദിക്കാനും തീരുമാനിച്ചു. പുറത്തൂർ പി.എച്ച്.സിയെ താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിനുള്ള നടപടികളും സ്വീകരിക്കും.
തൃക്കണാപുരം സി.എച്ച്.സി.യുടെ പാതിവഴിയിലുള്ള കെട്ടിടനിർമാണം പൂർത്തിയാക്കാൻ നബാർഡ് ഫണ്ട് അനുവദിക്കും. ഇവിടെ ഒഴിവുള്ള സിവിൽ സർജൻ തസ്തികയിൽ ഡോക്ടറെ നിയമിക്കാനും തീരുമാനമായി. പുറത്തൂർ സി.എച്ച്.സി.യിൽ ഫാർമസി സേവനം ആരംഭിക്കുന്നതിനും അസിസ്റ്റന്റ് സർജന്മാരില്ലാത്ത ആശുപത്രികളിൽ എൻ.എച്ച്.എം. വഴി നിയമനം നടത്തുന്നതിനും യോഗം തീരുമാനിച്ചു.
മണ്ഡലത്തിലെ സി.എച്ച്.സി., എഫ്.എച്ച്.സി.കളിലെ ജീവനക്കാരുടെ കുറവ്, കെട്ടിടങ്ങളുടെ അവസ്ഥ, ചികിത്സാ സൗകര്യങ്ങളുടെ വിപുലീകരണം എന്നിവയും യോഗം വിലയിരുത്തി


