ശബരിമലയിലേക്ക് മിൽമ നെയ്യ് നൽകും. 10,000 ലിറ്റർ നെയ്യ് ശബരിമലയിലേക്ക് എത്തിക്കും. ദേവസ്വം ബോർഡ് നാളെ കത്ത് നൽകിയാൽ പതിനേഴാം തീയതിക്ക് മുമ്പ് മിൽമ നെയ്യെത്തിക്കും. ഹോൾസെയിൽ നിരക്കിലാണ് നെയ്യ് കൊടുക്കുക. ലിറ്ററിന് 660 രൂപ വില ഈടാക്കും.
ആവശ്യത്തിന് നെയ്യ് നിലവിൽ മിൽമയുടെ കൈവശമുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞിരുന്നു. 40,000 ലിറ്റർ കൂടി ദേവസ്വം ബോർഡിന് ആവശ്യമുണ്ട്. ഇതിനായി ടെൻഡർ വിളിക്കും.13ന് ചേരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം അന്തിമ തീരുമാനം എടുക്കും. മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായി അരവണ ഉൽപാദനത്തിനായുള്ള ഒരുക്കങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് കെ. ജയകുമാർ പറഞ്ഞു.
നിലവിൽ 30 ലക്ഷം ടിൻ അരവണയുടെ ശേഖരം ബോർഡിന്റെ പക്കലുണ്ട്. ദിവസേന ലക്ഷക്കണക്കിന് ടിൻ അരവണ ഉൽപാദിപ്പിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരികയാണ്. അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് തടസ്സങ്ങളൊന്നുമില്ലെന്നും തീർഥാടനകാലത്തെ ഒരുക്കങ്ങളിൽ പൂർണ ആത്മവിശ്വാസമുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.


