കാട്ടകാമ്പാലിൽ ഡയാലിസിസ് രോഗികൾക്ക് മാസം തോറുമുള്ള ധനസഹായവും ; സിറിഞ്ച് ശേഖരണ പദ്ധതിക്കും തുടക്കം കുറിക്കുന്നു.


 കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിന്റെ ‘സ്നേഹസ്പർശം 2026’ നവംബർ 9ന് മന്ത്രി കെ എ തുളസി ടീച്ചർ ഉദ്ഘാടനം ചെയ്യും

കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഡയാലിസിസ് രോഗികൾക്ക് ധനസഹായം വിതരണം ചെയ്യുന്നതിന്റെയും വീടുകളിൽ നിന്ന് ഉപയോഗശേഷമുള്ള സിറിഞ്ചുകൾ സുരക്ഷിതമായി ശേഖരിക്കുന്നതിന്റെയും സംയുക്ത ഉദ്ഘാടനം നവംബർ 9 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചിറക്കൽ സംഗമം പാലസിൽ നടക്കും. ‘സ്നേഹസ്പർശം 2026’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി തുളസി ടീച്ചർ നിർവഹിക്കും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കുന്നംകുളം നിയോജകമണ്ഡലം എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്.

ദീർഘകാല ചികിത്സ ആവശ്യമായ ഡയാലിസിസ് രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസമേകുന്നതിനൊപ്പം പൊതുജനാരോഗ്യവും പരിസരശുചിത്വവും ഉറപ്പാക്കി

 *ക്ളീൻ കാട്ടാകാമ്പാൽ* 

എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്. വീടുകളിൽ ഉപയോഗശേഷം അലക്ഷ്യമായി ഉപേക്ഷിക്കപ്പെടുന്ന സിറിഞ്ചുകൾ ശാസ്ത്രീയമായും സുരക്ഷിതമായും ശേഖരിച്ച് സംസ്കരിക്കുന്നതിനുള്ള ബോധവൽക്കരണവും പദ്ധതിയുടെ ഭാഗമായി നടത്തും.

ആരോഗ്യപരിപാലന രംഗത്ത് ജനകീയ പങ്കാളിത്തം ഉറപ്പാക്കുകയും ചികിത്സാ സഹായം അർഹരായവരിലേക്ക് എത്തിക്കുകയും ചെയ്യുന്ന ഈ സംയുക്ത പരിപാടിയിൽ മുഴുവൻ ജനങ്ങളുടെയും സജീവ പങ്കാളിത്തം ഉണ്ടാകണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കർ അഭ്യർഥിച്ചു

Post a Comment

Previous Post Next Post