മകൾ മകൾ തന്നെയാണ്; 'ദത്തുപുത്രൻ', 'ദത്തുപുത്രി' വിശേഷണങ്ങൾ സർക്കാർ രേഖകളിൽ നിന്ന് ഒഴിവാക്കണമെന്ന് ഹൈക്കോടതി


 കൊച്ചി: ദത്തെടുക്കപ്പെട്ട കുട്ടി എല്ലാ അര്‍ഥത്തിലും മാതാപിതാക്കളുടെ സ്വന്തം കുട്ടിയാണെന്നും, സര്‍ക്കാര്‍ രേഖകളില്‍ 'ദത്തുപുത്രി' അല്ലെങ്കില്‍ 'ദത്തുപുത്രന്‍' എന്നീ വിശേഷണങ്ങള്‍ ഒഴിവാക്കണമെന്നും കേരള ഹൈക്കോടതി. ഒരു മാസം പ്രായമുള്ളപ്പോള്‍ ദത്തെടുക്കപ്പെട്ട യുവതി നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ ഈ നിരീക്ഷണം. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് ഈ സുപ്രധാന വിധി. മകന്‍ അല്ലെങ്കില്‍ മകള്‍ എന്ന് മാത്രം രേഖപ്പെടുത്തിയാല്‍ മതിയെന്ന് വ്യക്തമാക്കിയ കോടതി, ഇ-ഡിസ്ട്രിക്ട് പോര്‍ട്ടലിലെ ഇതിനായുള്ള ഓപ്ഷന്‍ സര്‍ക്കാര്‍ ഉടന്‍ നീക്കം ചെയ്യണമെന്നും നിര്‍ദേശം നല്‍കി. 1956-ലെ ഹിന്ദു അഡോപ്ഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ് ആക്ട് സെക്ഷന്‍ 12, 2015-ലെ ബാലനീതി നിയമം എന്നിവ പ്രകാരം ദത്തെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ ജന്മം നല്‍കിയ കുട്ടികള്‍ക്കുള്ള എല്ലാ നിയമപരമായ അവകാശങ്ങളും ദത്തെടുത്ത കുട്ടിക്ക് ലഭിക്കുമെന്ന് കോടതി ഓര്‍മ്മിപ്പിച്ചു.


2023-ല്‍ അമ്മ മരിച്ചപ്പോള്‍ ലഭിച്ച അനന്തരാവകാശ സര്‍ട്ടിഫിക്കറ്റില്‍ യുവതിയെ 'മകള്‍' എന്ന് രേഖപ്പെടുത്തിയിരുന്നുവെങ്കിലും, ഒരു വര്‍ഷത്തിന് ശേഷം പിതാവ് മരിച്ചപ്പോള്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ 'ദത്തുപുത്രി' എന്ന് രേഖപ്പെടുത്തുകയായിരുന്നു. ഇതിനെതിരെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ചില ബന്ധങ്ങള്‍ ജനനത്തിലൂടെയും മറ്റുചിലത് ദത്തെടുക്കലിലൂടെയുമാണ് ഉണ്ടാകുന്നത്. വഴികള്‍ വ്യത്യസ്തമാണെങ്കിലും 'മകള്‍' അല്ലെങ്കില്‍ 'മകന്‍' എന്ന പദത്തില്‍ ആ വ്യത്യാസം കാണിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. ഹരജിക്കാരിക്ക് നേരത്തെ നല്‍കിയ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയ കോടതി, 'ദത്തുപുത്രി' എന്നതിന് പകരം 'മകള്‍' എന്ന് രേഖപ്പെടുത്തി പുതിയ അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

Post a Comment

Previous Post Next Post