ചങ്ങരംകുളം : വിദ്യാർത്ഥികളിൽ സംരംഭകത്വ അഭിരുചിയും ആത്മവിശ്വാസവും വളർത്തുക എന്ന ലക്ഷ്യത്തോടെ വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ 'മീറ്റ് ദ സിഇഒ' പരിപാടി സംഘടിപ്പിച്ചു. കോളേജിലെ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് ക്ലബ്ബും ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നൊവേഷൻ കൗൺസിലും, ഐ.ക്യു.എ.സി.യുമായി സഹകരിച്ചാണ് ‘മീറ്റ് ദ സിഇഒ – ലേൺ ഫ്രം ദി ബെസ്റ്റ്’ എന്ന പേരിൽ പരിപാടി ഒരുക്കിയത്.
വളയംകുളം നെൽസ് കഫേയിൽ നടന്ന പരിപാടിയിൽ ആർ.എഫ് കംബൈൻ, നെല്ലറ എന്നീ സ്ഥാപനങ്ങളുടെ സി.ഇ.ഒ എം.കെ. ഫസലു റഹ്മാൻ വിദ്യാർത്ഥികളുമായി സംവദിച്ചു. സംരംഭകത്വ മേഖലയിലെ തന്റെ അനുഭവങ്ങൾ, ബിസിനസ് ആരംഭിക്കുമ്പോഴും വളർത്തുമ്പോഴുമുണ്ടാകുന്ന വെല്ലുവിളികൾ, മികച്ച നേതൃത്വപാടവം, വിജയകരമായ സംരംഭങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങൾ എന്നിവ അദ്ദേഹം വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു നൽകി.
സംരംഭകത്വ രംഗത്തെ പ്രായോഗിക അറിവുകൾ നേരിട്ട് മനസ്സിലാക്കാനും സംശയങ്ങൾ ദൂരീകരിക്കാനും വിദ്യാർത്ഥികൾക്ക് ലഭിച്ച അവസരം ഏറെ വിജ്ഞാനപ്രദവും പ്രചോദനാത്മകവുമായി മാറി. അധ്യാപകരും നിരവധി വിദ്യാർത്ഥികളും പരിപാടിയുടെ ഭാഗമായി.


