തിരൂർ : തീരദേശ മേഖലയിലെ ജനങ്ങളുമായി സൗഹൃദബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിരൂർ ജനമൈത്രി പോലീസും വെട്ടം ഗ്രാമപഞ്ചായത്ത് അംഗങ്ങളും തമ്മിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. പറവണ്ണ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ മത്സരത്തിൽ തിരൂർ ജനമൈത്രി പോലീസ് രണ്ടിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയിച്ചു.
വെട്ടം ഗ്രാമപഞ്ചായത്തിന്റെ കേരളോത്സവത്തോടനുബന്ധിച്ചാണ് മത്സരം സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സക്കീന, വാർഡ് അംഗങ്ങളായ രാജൻ പി.പി., കെ.ടി. ബാവ, ഉമ്മർ ടി., നുസൈബ, മുരളി എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. വാർഡ് അംഗം രാജൻ പി.പി. മുഖ്യസംഘാടനം നിർവഹിച്ചു.
തിരൂർ ഡിവൈ.എസ്.പി. എ.എം. സിദ്ദീഖിന്റെയും തിരൂർ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെയും നിർദേശപ്രകാരമായിരുന്നു മത്സരം. ജനമൈത്രി പോലീസ് കോ-ഓർഡിനേറ്റർ എസ്.ഐ. നസീർ തിരൂർക്കാട് പോലീസ് ടീമിനെ നയിച്ചു. ശശികുമാർ, ശ്രീജിലാൽ, അനീഷ്, കൈലാസ്, ബൈജു, വിനോദ്, സ്വരാജ് എന്നിവർ ടീമിൽ അണിനിരന്നു.
വാർഡ് അംഗം ജലീലിന്റെ നേതൃത്വത്തിലായിരുന്നു പഞ്ചായത്ത് ടീം കളത്തിലിറങ്ങിയത്. വിജയികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് സക്കീന സമ്മാനങ്ങൾ വിതരണം ചെയ്തു.


