പടിഞ്ഞാറങ്ങാടി: പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ക്ലിനിക്കിന് സൗജന്യമായി സ്ഥലം വിട്ടുനൽകി മാതൃകയായി. ഒതളൂർ കോമത്ത് വെങ്ങാലിൽ രോഹിണി മേനോനാണ് 10 സെൻ്റിലധികം വരുന്ന സ്വന്തം സ്ഥലം കിടപ്പിലായ രോഗികൾക്ക് ആശ്വാസമേകാൻ പടിഞ്ഞാറങ്ങാടി ആശ്രയ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് സ്നേഹദാനമായി വിട്ടുനൽകിയത്. കഴിഞ്ഞ ദിവസം പടിഞ്ഞാറങ്ങാടിയിൽ നടന്ന ചടങ്ങിൽ സ്ഥലത്തിൻ്റെ രേഖകൾ 'ആശ്രയ' പ്രസിഡൻ്റ് ഡോ. എ.ഐ കമറുദ്ദീന് കൈമാറി. ചടങ്ങിൽ ആശ്രയ പാലിയേറ്റീവ് വളണ്ടിയർമാരും പൗരപ്രമുഖരും സംബന്ധിച്ചു.
പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ശശിരേഖ, കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീമ നാസർ, ഗ്രാമപഞ്ചായത്ത് മെംബർമാരായ കെ.പി രാധ, സനിത എം.സി, സി.പി.ഐ.പി ജില്ല പ്രസിഡൻ്റ് സി.ടി സെയ്തലവി തുടങ്ങിയവർ സംസാരിച്ചു. ആശ്രയ പാലിയേറ്റീവ് കെയർ ക്ലിനിക്ക് സെക്രട്ടറി പി. ബഷീർ സ്വാഗതവും എൻ.വി മുഹമ്മദുണ്ണി നന്ദിയും പറഞ്ഞു.


