അമ്മയും മകനും വെട്ടേറ്റ് മരിച്ച നിലയിൽ;റിട്ട അധ്യാപികയും മകനുമാണ് കൊല്ലപ്പെട്ടത്


 കണ്ണൂര്‍ : മട്ടന്നൂരില്‍ അമ്മയക്കും മകനും വെട്ടേറ്റു മരിച്ചനിലയില്‍. മട്ടന്നൂർ ലയൺസ് ക്ലബ്ബ് റോഡിലെ നന്ദനത്തിൽ ജ്യോതി (56), മകൻ നവീൻ (21) എന്നിവരാണ് കൊല്ലപ്പെട്ടത്. വീടിന്റെ രണ്ടാം നിലയിലാണ് ഇരുവരെയും ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. മട്ടന്നൂര്‍ ക്ഷേത്രത്തിന് സമീപത്ത് ഉള്ള വീട്ടിലാണ് അമ്മയെയും മകനെയും വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്.


വീടിന്റെ രണ്ടാം നിലയിലാണ് രക്തം വാര്‍ന്ന് ചോരയില്‍ മുങ്ങിയ നിലയില്‍ നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. ഇവരെ ഗുരുതര പരിക്കുകളോടെ കണ്ണൂരില്‍ മട്ടന്നൂരിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.


എങ്ങിനെയാണ് സംഭവമെന്നതില്‍ വ്യക്തത വന്നിട്ടില്ല. പല തരത്തിലുള്ള സംശയങ്ങള്‍ ഉയരുന്നുണ്ട്. അമ്മയും മകനും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അമ്മയെ വെട്ടിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.


അച്ചന്‍ ക്ഷേത്രത്തില്‍ പോയി മടങ്ങി വന്നപ്പോഴാണ് സംഭവം അറിയുന്നത്. പിന്നീട് പോലീസും നാട്ടുകാരുമെത്തി. മകന്റെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അമ്മയുടെ മുഖം മുഴുവന്‍ ചോരയില്‍ കുളിച്ച നിലയിലായിരുന്നു. അമ്മയ്ക്കും കഴുത്തിന് വെട്ടേറ്റതായിരുന്നു കരുതുന്നത്.

റിട്ടയേഡ് അധ്യാപികയാണ് മരിച്ച ജ്യോതി. ഭര്‍ത്താവ് റിട്ടയേഡ് കെഎസ്ഇബി ഉദ്യോഗസ്ഥനാണ്.

പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

സംഭവസ്ഥലത്തേക്ക് കണ്ണൂരിൽ നിന്നുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ദ്ധരും തിരിച്ചിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കാനും, സംഭവത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും ഇടപെടലുണ്ടോ എന്ന് സ്ഥിരീകരിക്കാനും സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് ശേഖരിച്ചു വരികയാണ്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും.

Post a Comment

Previous Post Next Post