കുട്ടികൾക്ക് ഇനി വിശപ്പിന്റെ ഇടവേളയില്ല; പെങ്ങാമുക്ക് സ്കൂളിൽ പ്രഭാതഭക്ഷണ പദ്ധതിക്ക് തുടക്കം


 കുട്ടികൾക്ക് പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം ഉറപ്പാക്കുക എന്നത് കേവലം ഒരു ക്ഷേമപ്രവർത്തനമല്ലെന്നും ആരോഗ്യകരമായ തലമുറയെ വാർത്തെടുക്കാനുള്ള പഞ്ചായത്തിന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണെന്നും പഞ്ചായത്ത് പ്രസിഡണ്ട്‌ കെ ജയശങ്കർ.


 കുട്ടികളുടെ ആരോഗ്യവും പഠനമികവും ലക്ഷ്യമിട്ട് കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രഭാതഭക്ഷണ വിതരണ പദ്ധതിക്ക് പെങ്ങാമുക്ക് ഗവൺമെന്റ് എൽ.പി സ്കൂളിൽ   'വിശപ്പില്ലാ വിദ്യാലയം' എന്ന ആശയത്തിലൂന്നിയ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


50,000 രൂപ പദ്ധതി വിഹിതം വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കർ നിർവഹിച്ചു.


 വൈസ് പ്രസിഡന്റ് മിനി ഐപ്പ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയഗോപി, പഞ്ചായത്ത് ജനപ്രതിനിധികളായ കെ.എം. റസാഖ്, സ്വപ്ന പ്രിൻസ്, സി.കെ. സദാനന്ദൻ മാസ്റ്റർ, സന്തോഷ് കൊളത്തേരി, സ്വീറ്റി ഷാജു, അഞ്ജു സുധീഷ്, പ്രധാനാധ്യാപിക ആശ ജീഷി, പി.ടി.എ പ്രസിഡന്റ് ഷിനിജ എന്നിവർ സംസാരിച്ചു.

പദ്ധതിയുടെ ഉത്ഘാടന ദിനത്തിൽ കുട്ടികൾക്ക് പത്തിരിയും മസാലക്കറിയുമാണ് പ്രഭാതഭക്ഷണമായി നൽകിയത്. ചടങ്ങിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളും കുട്ടികൾക്കൊപ്പം പ്രഭാതഭക്ഷണം പങ്കിട്ടു.

കുട്ടികളുടെ വിശപ്പകറ്റുന്നതിനൊപ്പം അവരുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാനും പഠനാന്തരീക്ഷം കൂടുതൽ സന്തോഷകരമാക്കാനും ലക്ഷ്യമിടുന്ന പദ്ധതിക്ക് സ്കൂൾ അധികൃതരും രക്ഷിതാക്കളും നാട്ടുകാരും പിന്തുണ അറിയിച്ചു.

Post a Comment

Previous Post Next Post