വൃശ്ചിക പുലരിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന പുണ്യംതേടി ആയിരങ്ങൾ


 വൃശ്ചിക പുലരിയിൽ ദർശന പുണ്യംതേടി ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ആയിരങ്ങളെത്തി. മണ്ഡലകാലം കഴിയുന്നതു വരെ ഗുരുവായൂർ ക്ഷേത്രനഗരി ഇനി ശരണം വിളികളാൽ മുഖരിതമാകും. ക്ഷേത്രത്തിലെ ഉപദേവനായ അയ്യപ്പനു മുന്നിൽ മാലയിടാനും കെട്ടുനിറക്കാനും തിരക്കനുഭവപ്പെട്ടുതുടങ്ങി. ശബരിമലയിലേക്ക് പോകുമ്പോഴും തിരിച്ചുവരുമ്പോഴും തീർത്ഥാടകർ ഗുരുവായൂർ ഇടത്താവളമാക്കും. ഇവർക്ക് ദർശനത്തിന് പ്രത്യേക വരി സംവിധാനം ഒരുക്കിയിട്ടുണ്ട്. മണ്ഡലകാലത്ത് രാവിലെയുള്ള കാഴ്‌ചശീവേലിക്ക് പ്രത്യേകതകൾ ഉണ്ട്. സാധാരണ ദിവസങ്ങളിൽ ഒരാനയും മൂന്ന് പ്രഥക്ഷിണവുമുള്ള കാഴ്‌ച ശീവേലിയിൽ മണ്ഡലകാലം കഴിയുന്നതുവരെ മൂന്ന് ആനകളും അഞ്ച് പ്രദക്ഷിണവും ഉണ്ടാകും. ഇടുതുടി, വീരാണം എന്നീ വിശേഷ വാദ്യങ്ങളും പ്രത്യകതയാണ്. ഗുരുവായൂരപ്പന് പഞ്ചഗവ്യം അഭിഷേകമാണ് മണ്ഡലകാലത്തെ മറ്റൊരു സവിശേഷത. നാൽപത് ദിവസത്തെ പഞ്ചഗവ്യ അഭിഷേകവും 41-ാം ദിവസത്തെ കളഭാട്ടവും മണ്ഡലകാല ചടങ്ങുകളിൽ അതി പ്രധാനമാണ്. ദിവസവും രാവിലെ പന്തീരടി പൂജക്കു ശേഷമാണ് പഞ്ചഗവ്യാഭിഷേകം. ഭക്തരുടെ കണ്ഠ്‌ഠങ്ങളിൽ നിന്നുയർന്ന നാരായണനാമ സങ്കീർത്തനങ്ങളാൽ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ആദ്യ ദിനത്തിൽ പഞ്ചഗവ്യഭിഷേകം നിർവഹിച്ചു. പ്രത്യകം പൂജകൾ നടത്തി ചൈതന്യ പൂരിതമാക്കിയ പഞ്ചഗവ്യം മന്ത്രപുരസ്സരം ഗുരുവായൂരപ്പന് അഭിഷേകം ചെയ്ത ശേഷം ശുദ്ധി ചടങ്ങുകളുടെ ഭാഗമായി 25 കലശവും അഭിഷേകം ചെയ്‌തു. സാധാരണ മേൽശാന്തി നിർവഹിക്കാറുള്ള ഉച്ച പൂജയും തന്ത്രി നിർവഹിച്ചു. ഇനിയുള്ള ദിവസങ്ങളിൽ പഞ്ചഗവ്യ അഭിഷേകവും ഉച്ചപൂജയും ഓതിക്കന്മാരാണ് നിർവഹിക്കുക. ഗുരുവായൂരപ്പന് അഭിഷേകം ചെയ്ത പഞ്ചഗവ്യം പിന്നീട് ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യും.

Post a Comment

Previous Post Next Post