കുന്നംകുളം:നഗരസഭാ അതിർത്തിക്കുള്ളിലെ തെരുവ് നായ നിയന്ത്രണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കേന്ദ്ര അനിമൽ ബർത്ത് കൺട്രോൾ ചട്ടങ്ങളെക്കുറിച്ചും സുപ്രീം കോടതിയുടെ സുപ്രധാന വിധിന്യായങ്ങളെക്കുറിച്ചും വ്യക്തത വരുത്തുന്നതിനായി കുന്നംകുളം നഗരസഭയിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ കൗൺസിലർമാരും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും പങ്കെടുത്തു.
തൃശൂർ ജില്ലാ വെറ്ററിനറി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സാബുവിന്റെ നേതൃത്വത്തിലും മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ദ്ധരായ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലുമാണ് ക്ലാസുകൾ നടത്തിയത്.
തെരുവ് നായക്കളെ വന്ധ്യംകരണത്തിനും പേവിഷബാധ പ്രതിരോധ കുത്തിവയ്പിനുമായി പിടികൂടുകയും ചികിത്സയ്ക്ക് ശേഷം അവയെ പിടിച്ച് അതേ സ്ഥലത്ത് തന്നെ തിരികെ വിടുകയും ചെയ്യണമെന്ന എ.ബി.സി. ചട്ടങ്ങളിലെ പ്രധാന നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർ വിശദീകരിച്ചു. എന്നാൽ സ്കൂളുകൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ പൊതുജന സാന്ദ്രതയേറിയ സ്ഥലങ്ങളിൽ നിന്ന് പിടികൂടുന്ന നായക്കളെ തിരികെ അതേ പരിസരത്തേക്ക് വിടാൻ പാടില്ലെന്ന സുപ്രീം കോടതിയുടെ പ്രത്യേക ഉത്തരവും ക്ലാസിൽ എടുത്തുപറഞ്ഞു.
ഇത്തരത്തിൽ പിടികൂടുന്നവയ്ക്ക് പ്രത്യേക ഷെൽട്ടറുകൾ ഒരുക്കണമെന്നാണ് കോടതി നിർദ്ദേശം.
കൂടാതെ പേവിഷബാധ ലക്ഷണങ്ങളുള്ളതും മനുഷ്യർക്ക് ഗുരുതരമായ ഭീഷണിയാകുന്നതുമായ അപകടകാരികളായ നായക്കളെ നിയമപരമായി കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക വ്യവസ്ഥകളും ബോധവൽക്കരണത്തിൽ ചർച്ചയായി. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് തന്നെ നിയമപരമായ എല്ലാ ചട്ടങ്ങളും പാലിച്ച് വന്ധ്യംകരണ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ ഈ ക്ലാസ് നഗരസഭയ്ക്ക് സഹായകമാകും.
പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പുഷ്പ ജോൺ, മിനി മോൻസി, മിഷ സെബാസ്റ്റ്യൻ, ടി. സോമശേഖരൻ, ആർഷ ജിജു, കക്ഷി നേതാക്കളായ ഷാജി ആലിക്കൽ, ശ്രീജിത്ത് ആവേൻ, സോമൻ ചെറുകുന്ന്, ലെബീബ് ഹസൻ, വിവിധ കൗൺസിലർമാർ, വെറ്ററിനറി ഉദ്യോഗസ്ഥരായ ഡോ. എം.ബി രാജേഷ്, അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ഡോ.സുബിന് കോലാടി, ഡോ. സി.ജി എസ് രാജ്, നഗരസഭ സെക്രട്ടറി കെ.കെ. മനോജ്, നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


