വിദ്യാർത്ഥികൾക്കിടയിലെ സംഘർഷം ഒഴിവാക്കാൻ തിരൂർ പോലീസിന്റെ ഇടപെടൽ;വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണം


 സ്കൂൾ വിദ്യാർത്ഥികൾക്കിടയിലെ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനും മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം സമാധാനപരമായി നടത്തുന്നതിനുമായി തിരൂർ പോലീസ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും യോഗം വിളിച്ചുചേർത്തു.


തിരൂർ ഉപജില്ലാ സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ ഇൻസ്റ്റഗ്രാം വഴി പരസ്പരം വെല്ലുവിളിക്കുകയും സംഘർഷത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് പോലീസിന്റെ നടപടി.


വിവിധ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിൽ നിന്നായി 200-ലധികം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും വിവിധ സെഷനുകളിലായാണ് തിരൂർ പോലീസ് സ്റ്റേഷനിൽ വിളിച്ചുചേർത്തത്. കേസുകളിൽ ഉൾപ്പെട്ടാൽ നേരിടേണ്ടിവരുന്ന നിയമനടപടികൾ, ശിക്ഷകൾ, ഭവിഷ്യത്തുകൾ എന്നിവ സംബന്ധിച്ച് പോലീസ് വിശദീകരണം നൽകി. ഇത്തരം പ്രവണതകളിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്നും ശക്തമായ മുന്നറിയിപ്പ് നൽകി.


തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത് ഉദ്ഘാടനം നിർവഹിച്ച് വിശദീകരണ ക്ലാസ് നടത്തി. സബ് ഇൻസ്പെക്ടർമാരായ മിഥുൻ, ജനമൈത്രി പോലീസ് കോ-ഓർഡിനേറ്റർ നസീർ തിരൂർക്കാട് എന്നിവർ ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി.


മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കിടയിൽ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തുമെന്നും തിരൂർ പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post