മലങ്കര ആശുപത്രിയിൽ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഞായറാഴ്ച

കുന്നംകുളം മലങ്കര ആശുപത്രിയിൽ പുതിയതായി നിർമ്മിച്ച നാലു നില ബ്ലോക്കിന്റെ ഉദ്ഘാടനം ഞായറാഴ്ച... 

വൈകിട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങിൽ ആശുപത്രി വൈസ് പ്രസിഡൻറ് അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കും 

അഭിവന്ദ്യ ഡോ. യുഹാനോൻ മോർ മിലിത്തോസ് തിരുമേനി പുതിയ കെട്ടിടത്തിലെ കെ.ടി പാവുണ്ണി മെമ്മോറിയൽ ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കും.. സെൻറ് തോമസ് വാർഡിന്റെ ഉദ്ഘാടനം ആലത്തൂർ എംപി , കെ രാധാകൃഷ്ണനും മാർ കുരിയാക്കോസ് സഹദാ വാർഡിൻ്റെ ഉദ്ഘാടനം എ.സി മൊയ്തീൻ എം.എൽ.എയും അഭിവന്ദ്യ ഫിലിപ്പോസ് മാർ തെയോഫിലോസ് നാമധേയത്തിലുള്ള ആധുനിക ലാബ് സമുച്ചയത്തിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സീതാരവീന്ദ്രനും നിർവഹിക്കും.. കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ മുഖ്യാതിഥിയായി പങ്കെടുക്കും.



ആശുപത്രിയിലെത്തുന്ന രോഗികൾക്കും മറ്റും എല്ലാവിധ സൗകര്യങ്ങളും ഒരുക്കികൊണ്ടും 24 പുതിയ മുറികൾ ക്രമീകരിച്ചുകൊണ്ടുമാണ് പുതിയ കെട്ടിടം പ്രവർത്തനം.തുടങ്ങുന്നത്... മലങ്കര ആശുപത്രിയിൽ ദീർഘകാലം സെക്രട്ടറിയായി പ്രവർത്തിച്ചയാളും ആശുപത്രിയുടെ എല്ലാ വികസനത്തിനും തുടക്കമിട്ടതുമായ കെ ടി പാവുണ്ണിയുടെ നാമധേയത്തിൽ ആരംഭിക്കുന്ന പുതിയ ഓ പി ബ്ലോക്ക് ഗ്രൗണ്ട് ഫ്ലോറിലാണ് പ്രവർത്തിക്കുക. ആശുപത്രിയിലെ പ്രധാന ഡിപ്പാർട്ട്മെന്റുകൾ ആയ കാർഡിയോളജി, പൽമനോളജി, ന്യൂറോളജി എന്നീ ഡോക്ടർമാരുടെ സേവനം ഏറെ സൗകര്യങ്ങളോടെ വിപുലീകരിച്ച ഈ ഓ പി ബ്ലോക്കിൽ ലഭിക്കും.. 2 ,3 നിലകളിൽ രോഗികൾക്ക് ആവശ്യമായ 24 മുറികളാണ് ക്രമീകരിച്ചിട്ടുള്ളത്.. അസുഖവുമായി എത്തുന്നവർക്ക് മുറികൾ കിട്ടാനില്ല എന്ന പരാതിക്ക് ഇതോടെ പരിഹാരമാകും.. ഏറ്റവും അത്യാധുനിക സംവിധാനങ്ങളോടെ രോഗനിർണയം നടത്താനുള്ള നൂതന സൗകര്യങ്ങൾ ഏർപ്പെടുത്തി കൊണ്ടാണ് താഴെയുള്ള നിലയിൽ വിപുലീകരിച്ച ലാബ് സൗകര്യം നിലവിൽ വരുന്നത്. ആധുനിക മെഷീനറികൾ ഉൾക്കൊള്ളുന്ന, വിവിധ രോഗനിർണയത്തിനുള്ള അതിനൂതന ലംബോറിട്ടറിയാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.


1977 ൽ ജനറൽ മെഡിസിൻ, ഗൈനക്കോളജി,വിഷ ചികിത്സ എന്നീ മൂന്ന് ഡിപ്പാർട്ട്മെന്റുകളുമായി തുടങ്ങിയ മലങ്കര ആശുപത്രി ഇന്ന് ജില്ലയിലെ മികച്ച ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായി മാറിക്കഴിഞ്ഞു. 30 ൽ പരം ഡിപ്പാർട്ട്മെന്റുകളും 100 ഡോക്ടർമാരും ഉൾപ്പെടെ 600 ഓളം ജീവനക്കാരും ഇന്ന് ആശുപത്രിയിൽ ഉണ്ട്.. 15 വെന്റിലേറ്റർ സൗകര്യമുള്ള ഐ സി യു, കാത്ത് ലാബ്, ആധുനിക സംവിധാനത്തോടെയുള്ള എംആർഐ, CT സ്കാൻ സംവിധാനങ്ങൾ, ക്യാൻസർ ചികിത്സ വിഭാഗം, വന്ധ്യത ചികിത്സാ വിഭാഗം, വിഷ ചികിത്സ തുടങ്ങി പ്രധാനപ്പെട്ട എല്ലാ ചികിത്സാ സേവനങ്ങളും ഇവിടെ ലഭ്യമാണ്. നവീനശ്രേണിയിലുള്ള ഡിജിറ്റൽ മാമോഗ്രാഫി പരിശോധന സംവിധാനം ആശുപത്രിയിൽ ഉടൻതന്നെ പ്രവർത്തനം ആരംഭിക്കും.. കൂടാതെ 65 ബെഡുകളുള്ള ആധുനിക സജ്ജീകരണങ്ങൾ ഉൾപ്പെടുത്തിയ പുതിയ ക്യാഷ്വാലിറ്റി ബ്ലോക്കിന്റെ നിർമ്മാണവും നടന്നുവരികയാണ്. രോഗികൾക്ക് കൃത്യമായ വിധം മികച്ച വിദഗ്ധ ചികിത്സ ഉറപ്പു നൽകുന്ന ലാമിനാർഫ്ലോ ഹൈടെക് സൗകര്യത്തോടു കൂടിയ 3 ഓപ്പറേഷൻ തിയേറ്ററുകളും രണ്ട് മൈനർ ഓപ്പറേഷൻ തിയേറ്ററുകളും ഓക്സിജൻ ജനറേറ്റിങ് പ്ലാന്റും ഉടൻ തന്നെ പ്രവർത്തനമാരംഭിക്കും. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഉള്ള ചികിത്സ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് സേവനം മലങ്കരയിൽ ഒക്ടോബർ ഒന്നു മുതൽ ആരംഭിക്കുമെന്നും ആശുപത്രി സെക്രട്ടറി കെ.പി സാക്സൺ , ട്രഷറർ മോൺസി പി എബ്രഹാം , സി.വി പോൾ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

Post a Comment

Previous Post Next Post