ജന്മദിനത്തിൽ " എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം" എന്ന സന്ദേശമേകി, വേസ്റ്റ് ബിന്നുകൾ സമ്മാനിച്ച് അർജുൻ.
ഗുരുവായൂർ : പിറന്നാൾ ദിനം ഏവർക്കും സന്തോഷത്തിന്റെ ദിനമാണ്, പ്രത്യേകിച്ച് കുട്ടികൾക്ക്. ആ സന്തോഷ ദിനത്തിലെസന്തോഷം പങ്കിടാൻ കുട്ടികൾക്ക് ഏറെ ഉത്സാഹവുമാണ്. ചിലർ മിഠായി, മധുര പലഹാരങ്ങൾ എന്നിവ കൂട്ടുകാർക്ക് നൽകുമ്പോൾ, മറ്റുചിലരാകട്ടെ പേന പുസ്തകങ്ങൾ എന്നിവയും സമ്മാനമായി നൽകാറുണ്ട്. എന്നാൽ പിറന്നാൾ ദിനത്തിൽ സ്കൂളിലേക്ക് വേറിട്ട ഒരു സമ്മാനം നൽകിയിരിക്കുകയാണ് അർജുൻ.
ഗുരുവായൂർ ജി.യു.പി. സ്കൂളിലെ അഞ്ചാം ക്ലാസുകാരൻ അർജുൻ ആണ് പിറന്നാൾ ദിനത്തിൽ മാലിന്യങ്ങൾ സംഭരിക്കാൻ ബിന്നുകൾ നൽകി സ്കൂളിലെ കുട്ടികൾക്ക് മാതൃകയായത് . പി.ടി.എ. അംഗവും, ഗുരുവായൂർ ദേവസ്വം ബോർഡ് ജീവനക്കാരിയുമായ അപർണ ജിതേഷാണ് മാതാവ്. ഹരിതച്ചട്ടം പാലിക്കുന്ന സ്കൂളിൽ, പിറന്നാളിന് മിഠായി വിതരണം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാറില്ല. ഗുരുവായൂർ മുനിസിപ്പാലിറ്റിയിലെ ഹെൽത്ത് വിഭാഗം ജീവനക്കാരുടെ സാന്നിധ്യത്തിലാണ് ബിന്നുകൾ കൈമാറിയത്. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സുബിൻ .കെ. ബി. മാലിന്യങ്ങൾ തരം തിരിച്ച് ബിന്നുകളിൽ നിക്ഷേപിക്കേണ്ട രീതികൾ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. അർജുന്റെ പ്രവർത്തിയിലെ ഉദ്ദേശശുദ്ധി മറ്റു കുട്ടികൾക്കും മാതൃകയാകട്ടെ എന്ന് ഹെഡ്മിസ്ട്രസ് സിന്ധു ടീച്ചർ പറഞ്ഞു.


