കൊച്ചിയുടെ ജലപ്പരപ്പിലേക്ക് ചരിത്രത്തിലാദ്യമായി വിമാനമിറങ്ങി


കൊച്ചിയുടെ ജലപ്പരപ്പിലേക്ക് ചരിത്രത്തിലാദ്യമായി ഒരു വിമാനമിറങ്ങി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30നായിരുന്നു ബോള്‍ഗാട്ടി കായലില്‍ സീപ്ലെയിൻ ഇറങ്ങിയത്.

ചരിത്ര സംഭവത്തിന് നിരവധി പേരാണ് സാക്ഷ്യം വഹിച്ചത്. വിമാനത്തിൻ്റെ പൈലറ്റുമാർക്ക് ബോള്‍ഗാട്ടി പാലസില്‍ സ്വീകരണമൊരുക്കും. വിനോദസഞ്ചാരികള്‍ക്കായി തുടങ്ങുന്ന സി പ്ലെയിൻ കൊച്ചി ബോള്‍ഗാട്ടി മറീനക്ക് സമീപമാണ് ഇറങ്ങിയത്. നാളെയാണ് പദ്ധതിയുടെ ഉദ്ഘാടനം. നവംബർ 11 രാവിലെ 9.30ന് വിമാനത്തിന്റെ ഫ്ലാഗ് ഓഫ്‌ ചടങ്ങില്‍ വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനാകും. ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് യോഗം ഉദ്ഘാടനം ചെയ്യും. തുടർന്ന് അദ്ദേഹം മൂന്നാർ മാട്ടുപ്പെട്ടി ജലാശയത്തിലേക്കുള്ള വിമാനം ഫ്ലാഗ് ഓഫ് ചെയ്യും.


റീജിയണല്‍ കണക്ടിവിറ്റി സ്കീമിന്റെ ഭാഗമായാണ് പദ്ധതി. ആന്ധ്രപ്രദേശിലെ പ്രകാശം ബാരേജില്‍ ശനിയാഴ്ച ഉദ്ഘാടനം ചെയ്യപ്പെട്ട ആംഫീബിയസ് എയ൪ക്രാഫ്റ്റാണ് (കരയിലും വെള്ളത്തിലും ഇറങ്ങുന്ന വിമാനം) കൊച്ചിയിലെത്തിയത്. ഒമ്ബത് പേരെ വഹിക്കാവുന്ന മാലദ്വീപില്‍ ഉപയോഗിക്കുന്നതിനു സമാനമായ വിമാനമാണിത്. ആന്ധ്രപ്രദേശില്‍ നിന്ന് മൈസൂരിലെത്തി. ഒരു മണിയോടെ സിയാലില്‍ എത്തിയ എയ൪ക്രാഫ്റ്റ് ഇന്ധനം നിറച്ച ശേഷം 3.30 ന് കൊച്ചി ബോള്‍ഗാട്ടി മറീനയില്‍ ലാ൯ഡ് ചെയ്യുകയായിരുന്നു. ഇന്ന് മറീനയില്‍ സീപ്ലെയ്൯ പാ൪ക്ക് ചെയ്യും. നാളെ ഇടുക്കി മാട്ടുപ്പെട്ടിയിലേക്ക് പോകുന്ന സീപ്ലെയ്൯ ജലാശയത്തിലിറങ്ങും. മാട്ടുപ്പെട്ടിയില്‍ അരമണിക്കൂറിനു ശേഷം പുറപ്പെടുന്ന സീപ്ലെയ്൯ 12ന് സിയാലിലെത്തി ഇന്ധനം നിറച്ച ശേഷം അഗത്തിയിലേക്ക് പോകും. 


10 ന് ബോള്‍ഗാട്ടി മറീനയില്‍ പാ൪ക്ക് ചെയ്യുന്ന എയ൪ക്രാഫ്റ്റ് മറൈ൯ ഡ്രൈവിലെ മഴവില്‍പാലത്തില്‍ നിന്നും അബ്‍ദുള്‍ കലാം മാ൪ഗില്‍ നിന്നും കാണാനാകും. നേവി, കൊച്ചി൯ പോ൪ട്ട് ട്രസ്റ്റ്, സിയാല്‍, കെടിഡിസി, ഹൈഡ്രോഗ്രാഫിക് സ൪വേ തുടങ്ങി 15 ലധികം വിഭാഗങ്ങളാണ് സീപ്ലെയ്ന്റെ പരീക്ഷണപ്പറക്കലുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നത്. മാട്ടുപ്പെട്ടി ഡാമിലും സുരക്ഷാ പരിശോധന പൂ൪ത്തിയായിട്ടുണ്ട്. രണ്ട് മീറ്റ൪ ആഴം (ഡ്രാഫ്റ്റ് ) മാത്രമാണ് സീപ്ലെയ്൯ ലാ൯ഡ് ചെയ്യുന്നതിനാവശ്യം. എന്നാല്‍ 35 മീറ്ററാണ് മാട്ടുപ്പെട്ടി ജലാശയത്തിന്റെ ആഴം. അതിനാല്‍ തികച്ചും സുരക്ഷിതമായിരിക്കും പറക്കല്‍. വേലിയേറ്റസമയത്തെയും വേലിയിറക്ക സമയത്തെയും വെള്ളത്തിന്റെ ഒഴുക്ക്, മറീനയുടെ ആഴം, മറ്റ് തടസങ്ങള്‍ തുടങ്ങിയവ ഒരു മാസമായി പരിശോധിച്ച്‌ സുരക്ഷ ഉറപ്പുവരുത്തിയ ശേഷമാണ് സീപ്ലെയ്൯ ലാ൯ഡ് ചെയ്യുന്നത്. സീപ്ലെയ്ന്റെ നിയന്ത്രണം വിദേശ ക്രൂവായിരിക്കും. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അടക്കം എല്ലാ അനുമതിയും പരീക്ഷണപ്പറക്കലിന് ലഭിച്ചിരുന്നു.


സീപ്ലെയ്൯ പദ്ധതി കേരളത്തിലെ വിനോദ സഞ്ചാരമേഖലയില്‍ വിപ്ലവം സൃഷ്ടിക്കുമെന്നും ഈ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഏവിയേഷ൯ സെക്രട്ടറി ബിജു പ്രഭാക൪ പറഞ്ഞു. കൊച്ചി ബോള്‍ഗാട്ടി മറീനയില്‍ സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കലിനു മുന്നോടിയായി മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉയ൪ന്ന മൂല്യമുള്ള വിനോദ സഞ്ചാര സാധ്യതകള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം. ടൂറിസത്തിനു പുറമേ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും വിഐപികള്‍ക്കും ഉദ്യോഗസ്ഥ൪ക്കും അവശ്യഘട്ടങ്ങളില്‍ സഞ്ചരിക്കാനും അടിയന്തര ഘട്ടങ്ങളില്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും പ്രയോജനപ്പെടുത്താം. ടൂറിസം ഓപ്പറേറ്റ൪മാരെയും ജനങ്ങളെയും പദ്ധതിയുടെ സാധ്യത ബോധ്യപ്പെടുത്തുന്ന ഡെമോ സ൪വീസ് മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 


ആംഫീബിയ൯ വിമാനങ്ങള്‍


കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീ പ്ലെയിനുകള്‍. വലിയ ജനാലകള്‍ ഉള്ളതിനാല്‍ കാഴ്ചകള്‍ നന്നായി കാണാനാകും. മൂന്നാറിന്റെയും പശ്ചിമഘട്ടത്തിന്റെയും ആകാശക്കാഴ്ചകളിലൂടെയുള്ള സഞ്ചാരം യാത്രികർക്ക് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക. എയർ സ്ട്രിപ്പുകള്‍ നിർമ്മിച്ച്‌ പരിപാലിക്കുന്നതിനുള്ള വലിയ ചെലവ് ഒഴിവാകുന്നുവെന്നതും ജലവിമാനങ്ങളുടെ ആകർഷണീയതയാണ്. ഇടുക്കിയിലെ മാട്ടുപ്പെട്ടി, പാലക്കാട്ടെ മലമ്ബുഴ, ആലപ്പുഴയിലെ വേമ്ബനാട്ട്, കായല്‍ കൊല്ലം അഷ്ടമുടിക്കായല്‍, കാസർകോട്ടെ ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരത്ത് കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും , വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിൻ ടൂറിസം സർക്യൂട്ട് രൂപപ്പെടുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്

Post a Comment

Previous Post Next Post