മലപ്പുറം പെരിന്തല്‍മണ്ണയില്‍ ക്രെയിൻ സ്കൂട്ടറില്‍ ഇടിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ചു

 

മലപ്പുറം പെരിന്തല്‍മണ്ണയില്‍ ക്രെയിൻ സ്കൂട്ടറില്‍ ഇടിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ചു. സ്കൂട്ടര്‍ യാത്രക്കാരിയായ മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിനി നേഹ (21) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പെരിന്തല്‍മണ്ണയില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.


സ്കൂട്ടറിന് പിന്നിലിരിക്കുകയായിരുന്നു നേഹ. സ്കൂട്ടര്‍ യാത്രക്കാരൻ ഡിവൈഡറിന് സമീപത്ത് വെച്ച്‌ സ്കൂട്ടര്‍ വലത്തോട്ട് തിരിക്കുന്നതിനിടെ പിന്നില്‍ നിന്ന് വന്ന ക്രെയിൻ സ്കൂട്ടറില്‍ ഇടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ക്രെയിൻ സ്കൂട്ടറില്‍ ഇടിച്ചതോടെ നേഹ റോഡിലേക്ക് വീണു.


ഇതോടെ ക്രെയിന്‍റെ പിൻചക്രവും നേഹയുടെ ശരീരത്തിലിടിച്ചു. സ്കൂട്ടര്‍ ഓടിച്ചിരുന്നയാള്‍ മുന്നോട്ട് വീണതിനാല്‍ രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്ന ഉടൻ തന്നെ ഗുരുതരമായി പരിക്കേറ്റ നേഹയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റോഡിലൂടെ വേഗത്തില്‍ ക്രെയിൻ ഓടിച്ചുപോകുന്നതും ദൃശ്യത്തില്‍ കാണാം. അല്‍ഷിഫാ നഴ്സിങ് കോളേജിലെ മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിയാണ് മരിച്ച നേഹ.


Post a Comment

Previous Post Next Post