ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ സംസ്കാരം നിഗംബോധ്ഘട്ടിൽ നടക്കം. ശനിയാഴ്ച രാവിലെ 11.45നായിരിക്കും സംസ്കാരചടങ്ങുകൾ നടക്കുക എന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. മൻമോഹൻസിങ്ങിന് പ്രത്യേക സ്ഥലം വേണമെന്ന കോൺഗ്രസ് ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചില്ല.യമുനാ തീരത്ത് സ്മാരകം വേണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം. ഇക്കാര്യം അറിയിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. മുൻ പ്രധാനമന്ത്രിമാരുടെ സ്മാരകങ്ങള്‍ക്കൊപ്പം മൻമോഹൻ സിങ്ങിനും സ്മാരകം പണിയണമെന്നാണ് ആവശ്യം.
അന്തരിച്ച പ്രധാനമന്ത്രിമാർക്ക് നേരത്തെ വെവ്വേറെ സ്മാരകങ്ങൾ നിർമിക്കുമായിരുന്നു. എന്നാൽ മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് ഇത് നിർത്തലാക്കുകയായിരുന്നു. സ്ഥല ദൗർലഭ്യം കണക്കിലെടുത്തായിരുന്നു തീരുമാനം. രാജ്ഘട്ടിൽ പൊതു സ്മാരകം സ്ഥാപിക്കാൻ 2013ലാണ് യുപിഎ സർക്കാർ തീരുമാനമെടുത്തത്.
നിലവിൽ ഡൽഹി മോത്തിലാൽ നെഹ്‍റു മാർഗിലെ വസതിയിലുള്ള മൃതദേഹം രാവിലെ എട്ടുമണിക്ക് കോൺഗ്രസ് ദേശീയ ആസ്ഥാനത്തെത്തിക്കും. എട്ടര മുതൽ പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി രാജ്ഘട്ടിനു സമീപത്തെ സംസ്കാര സ്ഥലത്തേയ്ക്ക് കൊണ്ടുപോകും.മുന്‍ പ്രധാനമന്ത്രിയുടെ നിര്യാണത്തോട് അനുബന്ധിച്ച് ശനിയാഴ്ചകേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും പകുതി ദിവസം അവധി പ്രഖ്യാപിച്ചു.


