കാസർകോട‌്: എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. കാസർകോട്ട് എരഞ്ഞിപ്പുഴയില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടുകൂടിയായിരുന്നു സംഭവം.
എരഞ്ഞിപ്പുഴ സിദ്ദിഖിന്റെ മകൻ റിയാസ്, മാതൃസഹോദരനായ അഷ്‌റഫിന്റെ മകൻ യാസീൻ (13) മജീദിന്റെ മകൻ സമദ് (13) എന്നിവരാണ് മരിച്ചത്. സഹോദരങ്ങളുടെ മക്കളാണ് മൂന്നുപേരും.
പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍. ഇവരുടെ ഒപ്പം ഒരു സ്ത്രീയും ഉണ്ടായിരുന്നതായാണ് വിവരം. ബന്ധുവീട്ടില്‍ വിരുന്നിന് എത്തിയതായിരുന്നു റിയാസ്. കുളിക്കുന്നതിനിടെ മൂന്നുപേരും മുങ്ങിപ്പോവുകയായിരുന്നു. മുങ്ങിപ്പോയ റിയാസിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ടുപേരും അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. ഒപ്പമുണ്ടായിരുന്ന സ്ത്രീ അലറിവിളിച്ചതോടെ നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഇവരില്‍ റിയാസിനെയും യാസീനെയും രക്ഷാപ്രവർത്തകർ പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യാസീനും സമദിനും നീന്തല്‍ അറിയാമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. നേരത്തെയും പ്രദേശത്ത് അപകടം നടന്നിട്ടുള്ളതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. നാട്ടുകാരും പൊലീസും ഫയർഫോഴ‌്സും ചേർന്നാണ് തെരച്ചില്‍ നടത്തുന്നത്.
കണ്ണൂരിലും സമാനസംഭവത്തില്‍ രണ്ടുപേർ പുഴയില്‍ മുങ്ങിമരിച്ചു. കണ്ണൂർ ഇരിട്ടിയില്‍ കിളിയന്തറ പുഴയിലാണ് രണ്ടുപേർ മുങ്ങിമരിച്ചത്. കണ്ണൂർ സ്വദേശികളായ ആല്‍ബിൻ (ഒൻപത്), വിൻസെന്റ് (42) എന്നിവരാണ് മരിച്ചത്. ആല്‍ബിൻ പുഴയില്‍ വീണപ്പോള്‍ വിൻസെന്റ് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും മുങ്ങിപ്പോവുകയായിരുന്നു. ഇന്ന് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. വിൻസെന്റും ആല്‍ബിനും അയല്‍വാസികളാണ്. ഇരുവരെയും നാട്ടുകാർ ചേർന്ന് പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


