പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ചികിത്സ പിഴവാണെന്ന് ആരോപിച്ച് മരത്തംകോട് അൽ അമീൻ ആശുപത്രിക്കെതിരെ ബന്ധുക്കൾ കുന്നംകുളം പോലീസിൽ പരാതി നൽകി


 പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ചികിത്സ പിഴവാണെന്ന് ആരോപിച്ച് മരത്തംകോട് അൽ അമീൻ ആശുപത്രിക്കെതിരെ ബന്ധുക്കൾ കുന്നംകുളം പോലീസിൽ പരാതി നൽകി. പഴയന്നൂർ കൂനാംപൊറ്റ വീട്ടിൽ അരുണിന്റെ ഭാര്യ 26 വയസുള്ള രമ്യയാണ് മരിച്ചത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ജൂൺ 4 നാണ് രമ്യയെ പ്രസവത്തിനായി മരത്തംകോട് അൽ അമീൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂൺ 5 ന് രാത്രി 8.30 ഓടെ രമ്യയെ സിസേറിയന് വിധേയയാക്കുകയും ശസ്ത്രക്രിയയിലൂടെ ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.


ജൂൺ 6 ന് രാവിലെ രമ്യയുടെ ആരോഗ്യനില വഷളാവുകയും രക്തസമ്മർദ്ദം കുറഞ്ഞ് ഗുരുതരാവസ്ഥയിലാകുകയും ചെയ്തു.


തുടർന്ന് തൃശൂർ അമല ആശുപത്രിയിലേക്ക് മാറ്റുകയും രാത്രി 10.30 ഓടെ മരണം സംഭവിക്കുകയുമായിരുന്നു. രമ്യ ആരോഗ്യവതിയായിരുന്നെന്നും സിസേറിയനിൽ സംഭവിച്ച പിഴവാണ് മരണത്തിന് ഇടയാക്കിയതെന്നും ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരിക്കുകയാണ്.


ശസ്ത്രക്രിയയിൽ രക്തകുഴലുകൾ മുറിയുകയും തുടർന്ന് അമിത രക്തസ്രാവമുണ്ടായതുമാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. രമ്യയെ ചികിത്സിച്ച ഡോക്‌ടർ ആരാണെന്ന് പറയുവാൻ ആശുപത്രി അധികൃതർ തയ്യാറാകുന്നില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. സമാനമായ രീതിയിൽ നിരവധി പ്രസവാനന്തര മരണങ്ങൾ ഈ ആശുപത്രിയിൽ മുമ്പ് സംഭവിച്ചിട്ടുണ്ടെന്നും സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ഉന്നതതല അന്വേഷണം വേണമെന്നും രമ്യയുടെ ബന്ധുക്കൾ പറയുന്നു.

Post a Comment

Previous Post Next Post