അഞ്ച് ലക്ഷം പട്ടയങ്ങളുടെ വിതരണം ലക്ഷ്യം : മന്ത്രി കെ രാജന്‍

അഞ്ച് ലക്ഷം പട്ടയങ്ങളുടെ വിതരണം ലക്ഷ്യം : മന്ത്രി കെ രാജന്‍.തൃത്താല മണ്ഡലത്തില്‍ 201 കുടുംബങ്ങള്‍ കൂടി ഭൂമിയുടെ അവകാശികള്‍ നാഗലശ്ശേരി വില്ലേജ് ഓഫീസ് നിര്‍മ്മാണം തുടങ്ങി

സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനു മുമ്പ് അഞ്ച് ലക്ഷം പട്ടയങ്ങളുടെ വിതരണമാണ് ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. നാലുവര്‍ഷത്തിനിടെ 4,09,095 ( നാല് ലക്ഷത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ച്) പട്ടയങ്ങളാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്. തൃത്താല നിയോജക മണ്ഡലത്തിലെ പട്ടയ വിതരണോദ്ഘാടനവും നാഗലശ്ശേരി പഞ്ചായത്തിലെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മാണ ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി പട്ടയ മിഷന്‍ ആരംഭിച്ചത് ഈ സര്‍ക്കാരിന്റെ കാലത്താണ്. നവകേരളം പടുത്തുയര്‍ത്തുക എന്ന ലക്ഷ്യത്തോടടുക്കുകയാണ് സര്‍ക്കാര്‍. അതിന്റെ ഭാഗമായി നവംബര്‍ ഒന്നിന് കേരളം അതിദരിദ്രരില്ലാത്ത നാടായി മാറാന്‍ പോകുകയാണ്. 4,54,000 കുടുംബങ്ങള്‍ക്ക് ലൈഫ് മിഷന്‍ പദ്ധതിയിലൂടെ സര്‍ക്കാര്‍ വീടു നല്‍കി. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് അത് 5.25 ലക്ഷം വീടുകള്‍ എന്ന ലക്ഷ്യം കൈവരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തൃത്താല മണ്ഡലത്തില്‍ അവശേഷിക്കുന്ന പട്ടയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ അടുത്ത പട്ടയ മിഷന്‍ എത്രയും വേഗം ചേരുമെന്നും മന്ത്രി അറിയിച്ചു.



ഉന്നതികളിലെ പട്ടയവിതരണം മാതൃക തീര്‍ക്കാനായി: മന്ത്രി എം ബി രാജേഷ്


ഉന്നതികളിലെ പട്ടയ വിതരണത്തില്‍ തൃത്താല മണ്ഡലത്തിന് കേരളത്തില്‍ മാതൃക തീര്‍ക്കാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്നും ദീര്‍ഘകാലമായി ഉന്നതികളില്‍ താമസിക്കുന്നവരുടെ കാത്തിരിപ്പിന് വിരാമമിടാന്‍ സര്‍ക്കാരിന് കഴിഞ്ഞതായും പരിപാടിയില്‍ അധ്യക്ഷത വഹിച്ച തദ്ദേശസ്വയംഭരണ എക്‌സൈസ് പാര്‍ലിമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പ്രാധാന്യം നല്‍കി അത് പരിഹരിക്കുന്ന പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ നടത്തുന്ന കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് അവിശ്വസനീയമായ പല പദ്ധതികളും യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


തൃത്താല മണ്ഡലത്തില്‍ 51 മിച്ചഭൂമി പട്ടയങ്ങളുള്‍പ്പെടെ 201 പട്ടയങ്ങളാണ് പട്ടയമേളയില്‍ വിതരണം ചെയ്തത്. 77 എല്‍ ടി, 66 ദേവസ്വം , 51 മിച്ചഭൂമി, ഏഴ് ഉന്നതി പട്ടയങ്ങളുമാണ് വിതരണം ചെയ്തത്. തൃത്താല മണ്ഡലത്തില്‍ 2021 മെയ് മുതല്‍ ആകെ 2764 കുടുംബങ്ങളാണ് ഭൂമിയുടെ അവകാശികളായത്. എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ് ഇവിടെ പ്രാവൃത്തികമാകുന്നത്.


പല്ലേരി ശശികുമാര്‍ എന്ന വ്യക്തി സൗജന്യമായി നല്‍കിയ ആറര സെന്റ് സ്ഥലത്ത് എസ് എസ് എ എസ് സി ഐ (സ്‌കീം ഫോര്‍ സ്‌പെഷ്യല്‍ അസിസ്റ്റന്‍സ് ടു സ്റ്റേറ്റ്‌സ് ഫോര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്) ഫണ്ടില്‍ നിന്നും 45 ലക്ഷം രൂപ ചെലവിലാണ് നാഗലശ്ശേരി പഞ്ചായത്തില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നത്. നിലവില്‍ ബ്ലോക്ക് ഓഫീസിന് സമീപത്താണ് വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.സ്ഥലപരിമിതി മൂലം പുതിയൊരു ഓഫീസ് കെട്ടിടം എന്നത് അനിവാര്യമായിരുന്നു. കൂറ്റനാട് കെഎസ്ഇബി സബ്‌സ്റ്റേഷന് സമീപത്താണ് ആധുനിക സൗകര്യത്തോടെ പുതിയ കെട്ടിടം നിര്‍മ്മിക്കുക.


തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി പി റജീന, പഞ്ചായത്ത് പ്രസിഡന്റുമാരായ വി വി ബാലചന്ദ്രന്‍, പി കെ ജയ, ടി സുഹറ, ഷറഫുദ്ദീന്‍ കളത്തില്‍, വിജേഷ് കുട്ടന്‍, ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി, ഒറ്റപ്പാലം സബ് കളക്ടര്‍ അന്‍ജീത് സിംഗ്, തഹസില്‍ദാര്‍ ടി പി കിഷോര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു. വില്ലേജ് ഓഫീസ് നിര്‍മ്മാണത്തിന് സ്ഥലം വിട്ടു നല്‍കിയ പല്ലേരി ശശികുമാറിന്റെ മകന്‍ ശശാങ്കനെ പരിപാടിയില്‍ മന്ത്രി ആദരിച്ചു.

Post a Comment

Previous Post Next Post