ക്ഷേമപെന്‍ഷന്‍ 2000 രൂപയാക്കി; പ്രതിമാസം ആയിരം രൂപ സ്ത്രീ സുരക്ഷാ പെന്‍ഷന്‍; വന്‍ പ്രഖ്യാപനങ്ങള്‍

 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കി വര്‍ധിപ്പിച്ചു. നിലവിലുണ്ടായിരുന്ന 1600 രൂപയില്‍ 400 രുപയാണ് കൂട്ടിയത്. പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കു നല്‍കാനുള്ള ഒരു ഗഡു ഡിഎ കുടിശിക 4% നവംബറിലെ ശമ്പളത്തിനൊപ്പം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സ്ത്രീ സുരക്ഷയ്ക്കു സഹായം നല്‍കുന്ന പുതിയ പദ്ധതി പ്രകാരം ആയിരം രൂപ വീതം അര്‍ഹരായ സ്ത്രീകള്‍ക്കു നല്‍കും. 33 ലക്ഷത്തിലേറെ സ്ത്രീകള്‍ക്കു സഹായം കിട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനൊപ്പം യുവാക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയും പ്രഖ്യാപിച്ചു. പ്രതിവര്‍ഷ കുടുംബവരുമാനം ഒരു ലക്ഷം രൂപയ്ക്കു താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസ ഓണറേറിയം ആയിരം രൂപയായി വര്‍ധിപ്പിക്കും. ഇതുവരെയുള്ള കുടിശിക നല്‍കും. പ്രീപ്രൈമറി ടീച്ചര്‍മാരുടെയും ആയമാരുടെയും പ്രതിമാസ വേതനം ആയിരം രൂപ വര്‍ധിപ്പിച്ചു. ഗസ്റ്റ് ലക്ചര്‍മാരുടെ പ്രതിമാസ വേതനം പരമാവധി 2000 രൂപ വരെ വര്‍ധിപ്പിക്കും. റബര്‍ കര്‍ഷകര്‍ക്കു നല്‍കിവരുന്ന റബറിന്റെ താങ്ങുവില കിലോയ്ക്ക് 180 രൂപയില്‍നിന്ന് 200 രൂപയാക്കി ഉയര്‍ത്തും. നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. നെല്ലിന്റെ സംഭരണ വില 28.20ല്‍നിന്ന് 30 രൂപയായി വര്‍ധിപ്പിക്കാനും തീരുമാനിച്ചു.കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പ്-പ്രതിമാസം ആയിരംരൂപ

യുവതലമുറയ്ക്ക് കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പ് നടപ്പാക്കും. വിദ്യാര്‍ഥികള്‍ക്ക് മികച്ച ജോലി ലഭിക്കാന്‍ സ്റ്റൈപ്പന്‍ഡ് അല്ലെങ്കില്‍ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി ആരംഭിക്കും. പ്രതിവര്‍ഷ കുടുംബ വരുമാനം ഒരുലക്ഷത്തില്‍ താഴെയുള്ള പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി എന്നീ പഠനങ്ങള്‍ക്കു ശേഷം വിവിധ നൈപുണ്യ കോഴ്‌സുകളില്‍ പഠിക്കുന്നവരോ വിവിധ ജോലി-മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരോ ആയ 18-30 വയസ്സുള്ളവര്‍ക്ക് പ്രതിമാസം ആയിരംരൂപ ധനസഹായം നല്‍കും. കണക്ട് ടു വര്‍ക്ക് എന്ന ഈ പദ്ധതിയില്‍ അഞ്ചുലക്ഷം പേര്‍ക്ക് ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി സര്‍ക്കാര്‍ പ്രതിവര്‍ഷം 600 കോടി രൂപ ചെലവിടേണ്ടിവരും.

Post a Comment

Previous Post Next Post