ചാട്ടുകുളം നവീകരണോദ്ഘാടനം നടന്നു.
മഴ കൂടുതലായിട്ടും കേരളം കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്ന അവസ്ഥയിൽ നിന്ന് പുറത്തുവരാൻ ജലസംഭരണികൾ സംരക്ഷിക്കുകയും ഭൂഗർഭജലം സമ്പുഷ്ടമാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ചാട്ടുകുളം നവീകരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചാട്ടുകുളം പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ എ.സി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
വർഷങ്ങളായി ചെളിനിറഞ്ഞും, കരകൾ ഇടിഞ്ഞും ശോചനീയാവസ്ഥയിലായിരുന്ന ചാട്ടുകുളം എ.സി മൊയ്തീൻ എം.എൽ.എയുടെ ശ്രമഫലമായി 2.69 കോടി രൂപ ചിലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. കുന്നംകുളം നഗരത്തിൽ നിന്ന് ഏകദേശം 3.5 കിലോമീറ്റർ അകലെയായി കുന്നംകുളം ഗുരുവായൂർ റോഡിന് സമീപം സ്ഥിതിചെയ്യുന്ന ഏകദേശം നാല് ഏക്കർ വിസ്തീർണ്ണമുള്ള ചാട്ടുകുളം കുന്നംകുളം നഗരസഭയിലെ ജലാശയങ്ങളിൽ പ്രധാനപ്പെട്ടതാണ്.
നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുളത്തിന്റെ ജല സംഭരണശേഷി വീണ്ടെടുക്കുന്നതിനായി അടിഞ്ഞുകൂടിയ ചെളിയും മണ്ണും നീക്കം ചെയ്യുകയും കുന്നംകുളം ഗുരുവായൂർ റോഡിനോട് ചേർന്നുള്ള പടിഞ്ഞാറു ഭാഗം ഒഴികെ മൂന്നുവശവും കരിങ്കല്ലുകെട്ടി സംരക്ഷിച്ച് കുളത്തിന്റെ കിഴക്കും, തെക്കും ഭാഗങ്ങളിൽ കടവുകൾ നിർമ്മിച്ച് നിലവിലുണ്ടായിരുന്ന പടിഞ്ഞാറു ഭാഗത്തെ കരിങ്കൽക്കെട്ട് നിലനിർത്തി ക്കൊണ്ടുതന്നെ കോൺക്രീറ്റ് കാന്റിലിവർ നടപ്പാത നിർമ്മിച്ച് സുരക്ഷിതമാക്കുകയും, കുളത്തിന് ചുറ്റും ടൈൽസ് പാകി നടപ്പാത പണിത് സ്റ്റെയിൻലെസ്സ് സ്റ്റീൽ കൈവരികൾ പിടിപ്പിച്ച് സുരക്ഷിതത്വം ഉറപ്പാക്കി ആകർഷകമാക്കിയിട്ടുമുണ്ട്. വിശ്രമത്തിനായി സ്റ്റീൽ ബെഞ്ചുകളും സ്ഥാപിച്ചിട്ടുണ്ട്. കുളത്തിന് ചുറ്റും അലങ്കാരവിളക്കുകളും നിരീക്ഷണ ക്യാമറകളും കൂടി സ്ഥാപിക്കും.
ചാട്ടുകുളത്തിന്റെ നവീകരണ പ്രവൃത്തികള്‍ പൂർത്തീകരിച്ചതോടെ പ്രദേശത്തെ ജലലഭ്യത ഉറപ്പുവരുത്തുവാനും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും കഴിയും. വിനോദ സഞ്ചാരികള്‍ക്ക് നയന മനോഹരമായ കാഴ്ച സമ്മാനിക്കാനും സാധിക്കും. ജലസ്രോതസ്സിനെ സംരക്ഷിക്കുന്നതോടൊപ്പം പ്രദേശത്തെ ടൂറിസം വികസനത്തിന് വലിയൊരു പാത സൃഷ്ടിക്കുക കൂടിയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
മൈനർ ഇറിഗേഷൻ സെൻട്രൽ സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയർ ഡോ. പി.എസ്. കോശി റിപ്പോർട്ട് അവതരിപ്പിച്ചു.
കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ, വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമൻ, റ്റി. സോമശേഖരൻ, പ്രിയ സജീഷ്, പി.കെ ഷെബീർ, കൗൺസിലർമാരായ കെ.കെ മുരളി, ബിജു സി ബേബി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കരാർ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.


