രാജ്യത്തെ ആദ്യത്തെ ഫുള്‍ എയര്‍ കണ്ടീഷന്‍ഡ് ക്ലാസുമുറികളോട് കൂടിയ സര്‍ക്കാര്‍ എല്‍പി സ്‌കൂളിന്റെ നിര്‍മാണം മലപ്പുറത്ത് പൂര്‍ത്തിയായി.


 മലപ്പുറം: രാജ്യത്തെ ആദ്യത്തെ ഫുള്‍ എയര്‍ കണ്ടീഷന്‍ഡ് ക്ലാസുമുറികളോട് കൂടിയ സര്‍ക്കാര്‍ എല്‍പി സ്‌കൂളിന്റെ നിര്‍മാണം മലപ്പുറത്ത് പൂര്‍ത്തിയായി. ഈ വരുന്ന ഞായറാഴ്ച കെട്ടിടത്തിന്റെ ഉദ്ഘാടനം എംപി ഇടി മുഹമ്മദ് ബഷീര്‍ നിര്‍വഹിക്കും. നൂറു വര്‍ഷത്തോളം പഴക്കമുള്ള സ്‌കൂള്‍ കെട്ടിടം അപകടാവസ്ഥയിലായതിനാല്‍ വിദ്യാഭ്യാസ വകുപ്പ് അതില്‍ പ്രവേശന അനുമതി നല്‍കിയിരുന്നില്ല.സ്‌കൂളിലെ എട്ട് പഴയ ക്ലാസ് മുറികള്‍, കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, സ്റ്റാഫ് റൂം, എച്ച്എംറൂം എന്നിവയുള്‍പ്പെടെ മുഴുവന്‍ കെട്ടിടവും എയര്‍ കണ്ടീഷന്‍ ചെയ്താണ് പൂര്‍ത്തിയാക്കിയത്. പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഗ്രൗണ്ട് ഫ്‌ലോറിന് പുറമേ, രണ്ട് നിലകളിലായാണ് പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ക്ലാസ് മുറികള്‍ നിര്‍മിച്ചത്.സാധാരണ ബെഞ്ചുകളില്‍ നിന്നും ഡെസ്‌കുകളില്‍ നിന്നും വ്യത്യസ്തമായി, വിദ്യാര്‍ഥികള്‍ക്കായി ആധുനിക എഫ്ആര്‍പി. ബെഞ്ചുകളും ഡെസ്‌കുകളും ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കൂടാതെ, ഓരോ നിലയിലും ശുദ്ധീകരിച്ച വാട്ടര്‍ കിയോസ്‌കുകള്‍, എല്ലാ ക്ലാസ് മുറികളിലും ഡിജിറ്റല്‍ സ്‌ക്രീനുകള്‍, സംയോജിത ശബ്ദ സംവിധാനം തുടങ്ങിയ ആധുനിക സൗകര്യങ്ങളും ഉണ്ട്.മലപ്പുറം മുനിസിപ്പാലിറ്റി ചെയര്‍മാന്‍ മുജീബ് കാടേരി, വാര്‍ഡ് കൗണ്‍സിലര്‍ സികെ നാജിയ ശിഹാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നഗരസഭ വാങ്ങിയ സ്ഥലത്താണ് ആധുനിക കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ക്ലാസ് മുറിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് വിദ്യാര്‍ഥികള്‍ക്ക് അവരുടെ പാദരക്ഷകള്‍ സൂക്ഷിക്കാന്‍ പ്രത്യേക ഷൂ റാക്കുകള്‍, ഓരോ ക്ലാസ് മുറിയിലും പ്രത്യേക ലൈബ്രറികള്‍ തുടങ്ങിയവയുണ്ട്. കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി മുനിസിപ്പാലിറ്റിഅഞ്ച് കോടി രൂപ ചെലവഴിച്ചു. എയര്‍ കണ്ടീഷനിംഗ്, സോളാര്‍ സിസ്റ്റം, ആധുനിക സ്‌കൂള്‍ ഫര്‍ണിച്ചര്‍, ചുറ്റുമതിലിനുള്ള സൗകര്യം, ഇന്റര്‍ലോക്ക് തുടങ്ങിയവയുടെ നിര്‍മാണത്തിനായി പി. ഉബൈദുള്ള എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അമ്പത് ലക്ഷം രൂപയും അനുവദിച്ചു.

Post a Comment

Previous Post Next Post