സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറ പാകിയ ജനകീയാസൂത്രണ പദ്ധതികള്‍ വിജയത്തിലെത്തിച്ചത് ഇടതുസര്‍ക്കാരുകളെന്ന് കയിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. കുന്നംകുളം നഗരസഭ അനക്സ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
ഇ.കെ നായനാര്‍ സര്‍ക്കാരാണ് ജനകീയാസൂത്രണത്തിന് തുടക്കമിട്ടത്. ഇത് സമൂഹത്തിലെ എല്ലാ മേഖലയിലും വികസന വെളിച്ചം എത്തിക്കുന്നതിന് ഏറെ സഹായിച്ചു. തുടര്‍ന്ന് അതിന്റെ ചുവടുപിടിച്ച് മറ്റ് ഇടതു സര്‍ക്കാരുകളും തികച്ചും വികേന്ദ്രീകൃതമായ രീതിയില്‍ മികച്ച ഭരണനേട്ടങ്ങള്‍ ഉണ്ടാക്കിയെടുത്തു.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സാധ്യതകള്‍ നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇതിലൂടെ സര്‍വ്വതലത്തിലും ജനക്ഷേമകരമായ വികസനം സാധ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വി. അബ്ദുറഹിമാന്‍ അഭിപ്രായപ്പെട്ടു.
കായികരംഗത്ത് കുന്നംകുളത്തിന്റെ ചുവടുവയ്പ്പുകള്‍ ഏറെ മാതൃകാപരമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.എ.സി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷനായി.
ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍, സംസ്ഥാന എസ്.സി, എസ്.ടി കമ്മീഷന്‍ അംഗം ടി.കെ വാസു, വൈസ് ചെയര്‍പേഴ്സണ്‍ സൌമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമന്‍, ടി.സോമശേഖരന്‍, പ്രിയ സജീഷ്, പി.കെ. ഷെബീര്‍, കൌണ്‍സിലര്‍മാരായ ബിജു സി.ബേബി, ലെബീബ് ഹസന്‍, കെ. കൊച്ചനിയന്‍, വി.കെ തമ്പി, പി.ജി ജയപ്രകാശ്, എം.എന്‍, സത്യന്‍, നാസര്‍ ഹമീദ്, നഗരസഭ സെക്രട്ടറി കെ.കെ മനോജ് തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭ എ.എക്സ്.ഇ ബിനയ് ബോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
2023-24 വർഷത്തെ എ.സി മൊയ്തീൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 2 കോടി 20 ലക്ഷം രൂപ ചെലവഴിച്ചാണ് അനക്സ് കെട്ടിടം നിർമ്മിക്കുന്നത്. 9547 ചതുരശ്ര അടിയില്‍ മൂന്ന് നിലകളിലായി നിർമ്മിക്കുന്ന അനക്സ് കെട്ടിടത്തിൽ താഴെ പാര്‍ക്കിങ്, ഗ്രൌണ്ട് ഫ്ലോര്‍, ഫസ്റ്റ് ഫ്ലോര്‍ എന്നിങ്ങനെ ഓഫീസ് പ്രവര്‍ത്തിക്കും. ഒരേ സമയം 12 കാറുകള്‍, 25 ഇരുചക്രവാഹനങ്ങള്‍ എന്നിവക്ക് പാര്‍ക്ക് ചെയ്യാനാകും.
കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ഓഫീസ് കെട്ടിട സമുച്ചയത്തിലേക്ക് പുതിയ സ്റ്റെയര്‍കേസ്, ലിഫ്റ്റ് ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ ലഭ്യമാക്കും. ഒരു വര്‍ഷമാണ് നിര്‍മ്മാണ കാലാവധി.
നിലവിലെ ഓഫീസ് കെട്ടിടത്തില്‍ 60 ജീവനക്കാരും 50 ശുചീകരണ തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട്. ജനന മരണ രജിസ്ട്രേഷന്‍, ആരോഗ്യ വിഭാഗം, റവന്യു വിഭാഗം, എന്‍ജിനീയറിങ് വിഭാഗം, ജനറല്‍ വിഭാഗം എന്നിവയാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ കുടുംബശ്രീ ഓഫീസ്, പി.എം.എ.വൈ ഓഫീസ്, കൌണ്‍സലിങ് സെന്റര്‍, സാക്ഷരത ഓഫീസ്, ദേശീയ നഗര ഉപജീവനദൌത്യം ഓഫീസ് എന്നിവയും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ദിനംപ്രതി 1000 പേര്‍ വന്ന് ഊണുകഴിക്കുന്ന സുഭിക്ഷ ഹോട്ടലും നഗരസഭ അങ്കണത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.
കെ-സ്മാര്‍ട്ട് പുതിയ ഡാറ്റാ പ്രകാരം ദിവസേന 220 അപേക്ഷകള്‍ നഗരസഭയില്‍ രജിസ്ട്രര്‍ ചെയ്യുന്നുണ്ട്. അപേക്ഷകള്‍ക്ക് മികച്ച സേവനം നല്‍കാന്‍ സൌകര്യങ്ങള്‍ ഒന്നുകൂടി വിപുലപ്പെടുത്തുക എന്ന ലക്ഷ്യം നേടാനും അനക്സ് കെട്ടിടം വരുന്നതോടെ സാധിക്കും.


