സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങി മരിച്ച നിലയിൽ


 പാലക്കാട് എലപ്പുള്ളി തറക്കളം സിപിഎം ബ്രാഞ്ച് സെക്രട്ടറി ശിവകുമാർ (29) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീടിനടുത്തുള്ള പറമ്പിലെ ഒരു മരക്കൊമ്പിലാണ് മൃതദേഹം കാണപ്പെട്ടത്. അയൽവാസിയാണ് ശിവകുമാറിനെ ആദ്യം കണ്ടെത്തിയത്.


തിങ്കളാഴ്ച ഉച്ചയ്ക്ക് പാർട്ടി നിശ്ചയിച്ച സ്ഥാനാർത്ഥിയുടെ പത്രികാസമർപ്പണത്തിൽ പങ്കെടുത്ത ശേഷം ശിവകുമാർ വീട്ടിലെത്തിയിരുന്നു. തുടർന്ന് സുഹൃത്തുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല.

കഴിഞ്ഞ അഞ്ചുവർഷമായി സിപിഎം തറക്കളം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ശിവകുമാർ. ഡിവൈഎഫ്‌ഐ എലപ്പുള്ളി വെസ്റ്റ് മേഖലാ കമ്മിറ്റി അംഗവും പികെഎസ് വില്ലേജ് കമ്മിറ്റി അംഗവുമാണ്. വടകോട് ഒരു സ്വകാര്യ ഫാമിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയും പത്രവിതരണത്തിൽ സഹകരിക്കുകയും ചെയ്തിരുന്നു. അവിവാഹിതനാണ്.

സംഭവസ്ഥലത്തെത്തിയ കസബ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post