കല്ലഴി ക്ഷേത്രോത്സവത്തിന് കൊടിയേറി.
കുന്നംകുളം:ചൊവ്വന്നൂർ ശ്രീ കല്ലഴി വിഷ്ണു ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. വൈകീട്ട് 7 ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കക്കാട് വാസുദേവൻ നൂമ്പൂതിരി ഉത്സവത്തിന്റെ കൊടിയേറ്റം നിർവഹിച്ചതോടെ 8 ദിവസം നീണ്ടു നില്ക്കുന്ന ചടങ്ങുകൾക്ക് തുടക്കമായി . ദിവസേന രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമം, ഉഷഃപൂജ, രാവിലെ ഏഴര മുതൽ മേളത്തോട് കൂടിയ കാഴ്ചശീവേലി, എഴുന്നള്ളിപ്പ്, നവകം, പഞ്ചഗവ്യം എന്നിവയുണ്ടാകും. വൈകീട്ട് നാലര മുതൽ കാഴ്‌ചശീവേലി, ആനപ്പുറത്ത് എഴുന്നള്ളിപ്പ്, അത്താഴപൂജ, തായമ്പക, കേളി, പ്രദക്ഷിണം തുടങ്ങിയ ചടങ്ങുകളും ദിവസേന ഉണ്ടാകും. ദിവസേന ഭക്തജനങ്ങൾക്ക് അന്നദാനം, എഴുന്നള്ളിപ്പുകൾ ,വിവിധ വാദ്യഘോഷങ്ങൾ, കലാപരിപാടികൾ എന്നിവയും ഉത്സവത്തിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
കൊടിയേറ്റ ദിവസമായ ചൊവ്വാഴ്ച രാവിലെ മുതൽ കലവറ നിറക്കൽ എന്ന പ്രത്യേക ചടങ്ങും ഉണ്ടായിരുന്നു... .വിവിധ ദിവസങ്ങളിൽ രാവിലെ ഒമ്പതര മുതൽ പ്രഭാഷണം, ചാക്യാർകൂത്ത്, നൃത്തനൃത്യങ്ങൾ, ഗാനസുധ, തായമ്പക എന്നിവയുമുണ്ടാകും. ഉത്സവം സമാപന ദിവസമായ നവംബർ 25 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഭഗവാനെ ആറാട്ടിനായി കലശമല ചിറയിലേക്ക് എഴുന്നള്ളിക്കും. മേളത്തോടയുള്ള തിരിച്ചെഴുന്നള്ളിപ്പ് വൈകിട്ട് ഏഴുമണിക്ക് ക്ഷേത്രത്തിലെത്തുകയും 11 പ്രദക്ഷിണം പൂർത്തിയാക്കുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങും....



