കേരള മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി നാളെ (വ്യാഴാഴ്ച) കുവൈത്തിലെത്തും. ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ബഹ്‌റൈൻ, ഒമാൻ, ഖത്തർ എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷമാണ് അദ്ദേഹം കുവൈത്തിലെത്തുന്നത്. സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഐ.എ.എസ്. എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ട്.
സന്ദർശന ലക്ഷ്യങ്ങൾ:പ്രവാസികൾക്കായി സർക്കാർ ഒരുക്കിയ പുതിയ പദ്ധതികൾ വിശദീകരിക്കുക.കുവൈത്തിലെ മലയാളികളെ നേരിൽ കാണുകയും അവരുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുക.
പ്രധാന പരിപാടികൾ:
രാവിലെ 6.30-ന് കുവൈത്തിൽ എത്തുന്ന മുഖ്യമന്ത്രി അന്ന് പ്രമുഖ വ്യക്തികളുമായും സംഘടനാ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച വൈകീട്ട് 4.30-ന് മൻസൂരിയ അൽ അറബി സ്പോട്സ് ക്ലബ് സ്റ്റേഡിയത്തിൽ നടക്കുന്ന ‘കുവൈത്ത് പൗരാവലിയുടെ സ്വീകരണം’ എന്ന പരിപാടിയിൽ കുവൈത്തിലെ മലയാളികളെ അഭിസംബോധന ചെയ്യും. ലോക കേരള സഭയും മലയാളം മിഷനും ചേർന്നാണ് ഈ സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യൻ എംബസി പ്രതിനിധികൾ, വ്യവസായി എം.എ. യൂസുഫലി തുടങ്ങിയവർ പങ്കെടുക്കും.
കുവൈത്ത് സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി യു.എ.ഇയിലേക്ക് തിരിക്കും. ശനി, ഞായർ ദിവസങ്ങളിൽ അദ്ദേഹം യു.എ.ഇയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. സൗദി സന്ദർശനത്തിന് കേന്ദ്രം അനുമതി നൽകാതിരുന്നതിനെ തുടർന്ന് ആ യാത്ര ഒഴിവാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പദവി ഏറ്റെടുത്ത ശേഷം പിണറായി വിജയൻ ആദ്യമായാണ് കുവൈത്ത് സന്ദർശിക്കുന്നത്.



