സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി മേരാ യുവ ഭാരത്, കാലിക്കറ്റ് യൂണിവേഴ്സിറ്റി നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്), ഹയർ സെക്കൻ്ററി വൊക്കേഷണൽ ഹയർ സെക്കൻ്ററി നാഷണൽ സർവീസ് സ്കീം എന്നീ ജില്ലാ ഘടകങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ കുന്നംകുളം നഗരത്തിൽ ഏകതാ പദയാത്ര സംഘടിപ്പിച്ചു.
കെ. രാധാകൃഷ്ണൻ എം.പി. പദയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. മേരാ യുവ ഭാരത് സംസ്ഥാന ഡയറക്ടർ എം. അനിൽകുമാർ അധ്യക്ഷനായി. ജില്ലാ യൂത്ത് ഓഫീസർ സി. ബിൻസി, ഹയർ സെക്കൻ്ററി നാഷണൽ സർവീസ് സ്കീം ക്ലസ്റ്റർ കോ-ഓർഡിനേറ്റർ ലിൻ്റോ വടക്കൻ, ഒ. നന്ദകുമാർ, കുന്നംകുളം ഗവ. മോഡൽ ഹയർ സെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പ്രധാന അദ്ധ്യാപകരായ പി.ഐ. റസിയ, എ. വിജയലക്ഷ്മി, പി.ടി. ലില്ലി എന്നിവർ സംസാരിച്ചു.
വിവിധ കോളേജുകളിലെയും വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളുകളിലെയും എൻ.എസ്.എസ്. വൊളണ്ടിയർമാരും 'മൈ ഭാരത്' വൊളണ്ടിയർമാരും യുവജന ക്ലബ് പ്രതിനിധികളും അടങ്ങുന്ന അഞ്ഞൂറോളം പേരാണ് പദയാത്രയിൽ അണിചേർന്നത്. ചെണ്ടമേളം, തെയ്യം, അർജുന നൃത്തം എന്നീ കലാരൂപങ്ങൾ പദയാത്രയ്ക്ക് മാറ്റുകൂട്ടി.



